ന്യൂയോർക്ക്: സമുദ്രങ്ങളിലെ അപകടകരമായ മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകർ. സമുദ്രത്തിനടിയിലെ അമ്ലത്വം വലിയ തോതിൽ വർദ്ധിക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഇത് കടലിൽ ജീവിയ്ക്കുന്ന ജീവി വർഗ്ഗങ്ങളുടെ പൂർണ നാശത്തിലേക്കുള്ള തുടക്കം കൂടിയാണെന്നും ഗവേഷകർ വിലയിരുത്തുന്നു.
പോസ്റ്റ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ഇംപാക്ട് റിസർച്ചിലെ ഗവേഷകർ ആയ ജോൺ റോക്ക് സ്റ്റാറും സംഘവുമാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. അടുത്തിടെ ഇവർ സമുദ്രത്തിന്റെ അടിത്തട്ടിൽ ഓക്‌സിജൻ ഒട്ടും ഇല്ലാത്ത അപകട മേഖലകളിൽ എത്തി നിരീക്ഷണം നടത്തിയിരുന്നു. ഇവിടെയുള്ള ജലം ആസിഡിന് സമാനമായ അവസ്ഥയിലാണെന്നാണ് ഇവരുടെ കണ്ടെത്തൽ.
നിലവിൽ കാലാവസ്ഥാ വ്യതിയാനം സമുദ്രങ്ങളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഉദാഹരണം ആണ് വെള്ളത്തിൽ ഇപ്പോൾ കണ്ടിട്ടുള്ള ഈ മാറ്റം. കാലാവസ്ഥ വ്യതിയാനം നിയന്ത്രിച്ചില്ലെങ്കിൽ സമുദ്രം മുഴുവൻ ആസിഡിന് സമാനമായ അവസ്ഥയിലേക്ക് മാറുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കടലിന്റെ അടിത്തട്ടിൽ കോടാനുകോടി ജീവി വർഗ്ഗങ്ങളാണ് വസിയ്ക്കുന്നത്. ഇത്തരത്തിൽ അമ്ലത്വം വർദ്ധിക്കുന്നത് ഇവയുടെ വിനാശത്തിന് കാരണം ആകും. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് സമുദ്രത്തിന്റെ സ്വഭാവം മാറിയതിനാൽ പല ജീവികളും വംശനാശത്തിന്റെ വക്കിലാണ്. ഇതിനിടെ അമ്ല സ്വഭാവം വർദ്ധിക്കുന്നത് കടൽ ജീവികൾ കൂട്ടത്തോടെ ഇല്ലാതാകാൻ കാരണം ആകും. ഇത് പതിയെ മനുഷ്യരുടെ നിലനിൽപ്പിനെയും ബാധിക്കും.
Discussion about this post