ഓരോ നിമിഷവും അനേകം വിസ്മയങ്ങൾ കാണിച്ച് നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ് പ്രകൃതി. കണ്ണെടുക്കാൻ തോന്നാത്ത അത്ര മനോഹരമായ സസ്യജാലങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളും ഭൂമിയിലുണ്ട്. എന്നാൽ കണ്ടാൽ അറപ്പ് തോന്നുന്നവയും പ്രകൃതിയുടെ ഭാഗം തന്നെയാണ്. അത്തരത്തിലൊന്നാണ് മനുഷ്യന്റെ ജീർണിച്ച വിരലുകളോട് സാമ്യമുള്ള ഫംഗസ്. കറുത്ത വിരലുകളുടെ രൂപത്തിൽ മണ്ണിൽ നിന്ന് മനുഷ്യജഡാവശിഷ്ടം ഉയർന്ന് നിൽക്കുന്നത് പോലെയാണ് ഇതിനെ കാണാൻ സാധിക്കുക.
സെലേറിയ പോളിഫോർമ അഥവാ ‘ഡെഡ്മാൻ ഫിംഗേഴ്സ്’ എന്നാണ് ഇവ അറിയപ്പെടുന്നത്. ദ്രവിച്ചുപോയതോ വീണുകിടക്കുന്നതോ ആയ മരത്തടികളുടെ അവശിഷ്ടങ്ങൾക്കിടയിലോ ചെടികൾക്ക് സമീപമോ ആണ് ഇവ കാണപ്പെടുന്നത്. കൂട്ടങ്ങളായാണ് നിലത്ത് പരന്ന് കിടക്കുന്നത്. 1.3 സെ.മീ വ്യാസമുള്ള സെലേറിയ പോളിഫോർമ 3.8 സെ.മീ വരെ ഉയരത്തിൽ വളരും. വളർന്നുവരുന്ന ഘട്ടത്തിൽ വെളുത്ത നിറത്തിലാണ് ഉളളതെങ്കിലും പിന്നീടത് കറുത്ത നിറത്തിലേക്ക് മാറും. വർഷങ്ങൾ ആയുള്ളവയാണ് ഈ ഫംഗസ്. ആപ്പിൾ പോലുള്ള മരങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവയ്ക്ക് വളരാൻ പ്രിയം.
Discussion about this post