ന്യൂഡൽഹി; ജമ്മുകശ്മീരിന് പ്രത്യേക പദവിതിരിച്ചുനൽകണമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് ചുട്ടമറുപടിയുമായി ഇന്ത്യ. യുഎൻ ജനറൽ അംസ്ബ്ലിയിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ച ഷെഹബാസിന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ പ്രഥമ സെക്രട്ടറി ഭാവിക മംഗളാനന്ദൻ ആണ് മറുപടി നൽകിയത്.
പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്ന് ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരത ‘അനിവാര്യമായ പ്രത്യാഘാതങ്ങളെ’ ക്ഷണിച്ച് വരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയ അവർ. കശ്മീരിനെ കുറിച്ച് ഷഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ചൂണ്ടിക്കാട്ടി. പാകിസ്താൻ വീണ്ടും വീണ്ടും നുണകൾ ഉപയോഗിച്ച് സത്യത്തെ നേരിടാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.ഭീകരവാദം, മയക്കുമരുന്ന്, അന്തർദേശീയ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ആഗോള പ്രശസ്തിയുള്ള ഒരു രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആക്രമിക്കുന്നതെന്ന് ഭവിക കുറ്റപ്പെടുത്തി.
പണ്ട് മുതലേ അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ, അയൽരാജ്യങ്ങൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ പാർലമെന്റ്, സാമ്പത്തിക തലസ്ഥാനമായ മുംബൈ, മാർക്കറ്റുകൾ, തീർഥാടന കേന്ദ്രങ്ങൾ എന്നിവ പാകിസ്താൻ ആക്രമിച്ചിട്ടുണ്ട്. പട്ടിക ഇതുകൊണ്ട് അവസാനിക്കുന്നില്ല. അത്തരമൊരു രാജ്യം അക്രമത്തെ കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണെന്നായിരുന്നു ഭവികയുടെ വാക്കുകൾ.
ഞങ്ങളുടെ പ്രദേശം സ്വന്തമാക്കുകയാണ് പാകിസ്താന്റെ ആഗ്രഹമെന്നതാണ് യാഥാർഥ്യം. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താൻ പാകിസ്താൻ നിരന്തരമായി ശ്രമിച്ചു. ജമ്മു കശ്മീർ, ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്തതുമായ ഭാഗമാണെന്ന് ഭവിക പറഞ്ഞു.
Discussion about this post