ന്യൂഡൽഹി : പാകിസ്താന് മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരവാദം ഒരിക്കലും അനുവദിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ. പാകിസ്താൻ പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് കാശ്മീരിലെ സാഹചര്യത്തെ പലസ്തീനുമായി താരതമ്യം ചെയ്തതിന് പിന്നാലെയാണ് ജയശങ്കർ പാകിസ്താനെതിരെ ആഞ്ഞടിച്ചത് .
1947ൽ രൂപീകൃതമായ സമയം മുതൽ ഏറ്റവും മോശമായ സാമ്പത്തിക സ്ഥിതിയാണ് പാകിസ്താനുള്ളത്. തീവ്രവാദത്തിന്റെ രൂപത്തിലാണ് പാകിസ്താന്റെ ജിഡിപി അളക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. അവരുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടി വരും. നിർഭാഗ്യവശാൽ, അവരുടെ ദുഷ്പ്രവൃത്തികൾ മറ്റുള്ളവരെയും ബാധിക്കുന്നു, പ്രത്യേകിച്ച് അയൽപക്കത്തെയും . പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ലോകത്തെ കുറ്റപ്പെടുത്തേണ്ടതില്ല. ഇത് അവരുടെ കർമ്മഫലം മാത്രമാണ് എന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്താൻ പ്രധാനമന്ത്രി (യുഎൻജിഎ) ചില വിചിത്രമായ അവകാശവാദങ്ങൾ പറയുന്നത് ഞങ്ങൾ കേട്ടു.
പലസ്തീനിലെ പോലെ കശ്മീരിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പോരാടുകയാണെന്ന് ഷെഹബാസ് ഷെരീഫ് പറഞ്ഞത്.
ഇന്ത്യയുടെ നിലപാട് ഞാൻ വളരെ വ്യക്തമായി പറയട്ടെ. അതിർത്തി കടന്നുള്ള ഭീകരവാദമെന്ന പാകിസ്താന്റെ നയം ഒരിക്കലും വിജയിക്കില്ല. അതിനെതിരെ നടപടികൾ തീർച്ചയായും ഉണ്ടാകും. അനന്തരഫലങ്ങൾ ഉണ്ടാകും,’ ജയശങ്കർ മുന്നറിയിപ്പ് നൽകി.
നമ്മൾക്കിടയിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നം പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഇന്ത്യൻ പ്രദേശം വിട്ടുനൽകുന്നതും തീവ്രവാദത്തോടുള്ള പാകിസ്താന്റെ ദീർഘകാല ബന്ധം ഉപേക്ഷിക്കുന്നതും മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നയങ്ങളും രാഷ്ട്രീയവും ജനങ്ങളിൽ മതഭ്രാന്ത് വളർത്തുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Discussion about this post