ന്യൂഡൽഹി : വ്യാജ വിസ ഉപയോഗിച്ച് ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകൻ ടൈഗർ റോബിയ്ക്കെതിരെ നടപടിയുമായി ഇന്ത്യ. ഇയാൾക്കെതിരെ നാടുകടത്തൽ നടപടിയാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. മെഡിക്കൽ വിസ ഉപയോഗിച്ച് ഇയാൾ ഇന്ത്യയിൽ എത്തുന്നത് ക്രിക്കറ്റ് മത്സരങ്ങൾ കാണാനായിരുന്നു.
കഴിഞ്ഞദിവസം ക്രിക്കറ്റ് മത്സരത്തിനിടയിൽ തനിക്ക് മർദ്ദനമേറ്റതായി ഇയാൾ വ്യാജ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. കാൺപൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ആരാധകർ തന്നെ മർദ്ദിച്ചതായാണ് ടൈഗർ റോബി എന്നറിയപ്പെടുന്ന റാബി-ഉൽ-ഇസ്‌ലാം പരാതി ഉയർത്തിയിരുന്നത്.
ഇയാളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ
ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ക്യാൻസർ ബാധിതനാണെന്ന് കാണിച്ചുള്ള മെഡിക്കൽ വിസയിലാണ് റാബി-ഉൽ-ഇസ്‌ലാം ഇന്ത്യയിലെത്തിയത്. എന്നാൽ ചികിത്സ തേടുന്നതിന് പകരം ഇയാൾ തൻ്റെ മാതൃരാജ്യമായ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫാൻസി വേഷം ധരിച്ച് ക്രിക്കറ്റ് മത്സരങ്ങൾ ആസ്വദിക്കുകയായിരുന്നു.
കാൺപൂരിൽ നടക്കുന്ന മത്സരം കാണാൻ എത്തിയ സമയത്ത് ഇയാളുടെ മെഡിക്കൽ വിസയുടെ കാലാവധി കഴിഞ്ഞിരുന്നതായും പോലീസ് കണ്ടെത്തി. എന്നാൽ മെറ്റാസ്റ്റാറ്റിക് ക്യാൻസർ ബാധിതനാണ് ഇയാളെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് മാനുഷിക പരിഗണന സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കാതെ നാടുകടത്തൽ നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post