മലപ്പുറം : പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. അൻവർ ഇപ്പോൾ തീവ്ര വർഗീയ കക്ഷികളുടെ തടവറയിൽ ആണുള്ളതെന്നും അവർ എഴുതി കൊടുക്കുന്നതാണ് വായിക്കുന്നത് എന്നും മോഹൻദാസ് വ്യക്തമാക്കി. മുസ്ലിം വിഭാഗത്തെ സിപിഎമ്മിൽ നിന്നും അകറ്റുകയാണ് ഇവരുടെ ലക്ഷ്യം. ആർഎസ്എസ് ബന്ധം ആരോപിക്കുന്നതും ഇത്തരം മുസ്ലിം തീവ്രവാദികൾ ഉയർത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് എന്നും ഇ എൻ മോഹൻദാസ് അഭിപ്രായപ്പെട്ടു.
ആർഎസ്എസ് ബന്ധം പറഞ്ഞ് പാർട്ടി സെക്രട്ടറിയേറ്റ് അംഗം തന്നെ കയ്യേറ്റം ചെയ്തെന്ന അൻവറിന്റെ ആരോപണം വെറും കെട്ടുകഥ മാത്രമാണ്. മുസ്ലീങ്ങളെ സിപിഎമ്മിൽ നിന്നും അകറ്റുന്നതിന് വേണ്ടിയാണ് ഈ ആർഎസ്എസ് ബന്ധം ആരോപിക്കുന്നത്. സിപിഎം എന്ന സംഘടന മുസ്ലിം വിരുദ്ധമാണെന്നും സിപിഎം നേതാക്കളെല്ലാം ആർഎസ്എസ് ചായ്‌വുള്ളവരാണെന്നും വരുത്തി തീർക്കാനാണ് ഇവർ ശ്രമിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
തീപ്പന്തം ആണെന്ന് പറയുന്ന അൻവർ നാടിനു തീ കൊളുത്തുകയാണ് ചെയ്യുന്നത്. നാടിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന അതി ഗുരുതരമായ രീതിയാണ് അൻവറിന്റേത്. മത സൗഹാർദ്ദത്തിന്റെ നാടായ മലപ്പുറത്ത് വിഷവിത്ത് വിതയ്ക്കണോ എന്ന് പി വി അൻവർ ആലോചിക്കണം. ഇത്തരത്തിൽ ധ്രുവീകരണം ഉണ്ടാക്കിയാൽ വർഗീയതകൾ കൂടി നാട് കുട്ടിച്ചോറാകും എന്നും ഇ എൻ മോഹൻദാസ് ആരോപിച്ചു.
Discussion about this post