കാസർകോട്: പങ്കാളികളെ കണ്ടെത്താൻ അവിവാഹിതരെ സഹായിക്കാൻ ഇനി അക്ഷയയും. അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്ന അക്ഷയ മാട്രിമോണിയാണ് അവിവാഹിതർക്ക് തുണയാകുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കാസർകോട് ജില്ലാ പഞ്ചായത്ത് ആണ് ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുന്നത്.
വിവാഹത്തിനായി പങ്കാളികളെ കണ്ടെത്താൻ ബ്രോക്കർമാരെയോ അല്ലെങ്കിൽ മാട്രിമോണി സെറ്റുകളെയോ ആണ് നാം കൂടുതലായി ആശ്രയിക്കാറുള്ളത്. മാട്രിമോണി സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കുമായി വലിയ തുക നൽകേണ്ടതുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതീ- യുവാക്കൾക്ക് ഇതൊരു ഭാരമാണ്. ഇതൊഴിവാക്കുന്നതിന് വേണ്ടിയാണ് അക്ഷയ മാട്രിമോണി പോർട്ടലിന് രൂപം നൽകുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചെറുപ്പക്കാരെ പങ്കാളികളെ കണ്ടെത്താൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാസർകോട് ഈ പദ്ധതി വിജയിച്ചാൽ വരും വർഷങ്ങളിൽ മറ്റ് ജില്ലകളിലും പദ്ധതി നടപ്പാക്കും.
സാധാരണ മാട്രിമോണിയിലേത് എന്ന പോലെ സ്ത്രീകൾക്കും പുരുഷന്മാർക്കും അവരവരുടെ പ്രൊഫൈലുകൾ തയ്യാറാക്കി പോർട്ടലിൽ പോസ്റ്റ് ചെയ്യാം. ഇതിന് രജിസ്‌ട്രേഷൻ ഫീസ് ഉണ്ട്. മൊബൈൽ ഫോണിലോ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങലിൽ നേരിട്ട് എത്തിയോ ഇഷ്ടപ്പെട്ട പ്രൊഫൈലിന് ഇൻട്രസ്റ്റ് കൊടുക്കാം.
Discussion about this post