ബയ്‌റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുള്ള ഒളിവിലിരുന്ന സ്ഥലം ഇസ്രയേലിന് ചോര്‍ത്തിക്കൊടുത്തത് ഇറാനിയന്‍ ചാരനെന്ന് റിപ്പോര്‍ട്ട്. ബയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ ആസ്ഥാനത്ത് നസറുള്ളയുണ്ടെന്ന വിവരം ചാരനാണ് ഇസ്രയേല്‍ സൈന്യത്തിന് ചോര്‍ത്തി നല്‍കിയതെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പാരീസിയനാണ് റിപ്പോര്‍ട്ട് ചെയ്തത്. ബങ്കറില്‍ ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളുമായി നസ്‌റുള്ള കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു ഇസ്രയേലിന്റെ ആക്രമണം. സെപ്റ്റംബര്‍ 28നാണ് ഇയാള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചത്. പിന്നീട് ഹിസ്ബുല്ലയും ഇക്കാര്യം ശരിവച്ചു.
27നു വൈകിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ 80 ബോംബുകളാണു ഹിസ്ബുള്ള ആസ്ഥാനത്തിട്ടത്. 6 പാര്‍പ്പിടസമുച്ചയങ്ങളും ഇസ്രായേലിന്റെ ശക്തമായ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. 6 മീറ്റര്‍ വരെ കോണ്‍ക്രീറ്റ് ഭേദിക്കാനും ഭൂമിയില്‍ 30 മീറ്റര്‍ വരെ ആഴ്ന്നിറങ്ങി ഉഗ്ര സ്‌ഫോടനം ഉണ്ടാക്കാനും ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഈ ആക്രമണത്തിനായി ഇസ്രായേല്‍ ഉപയോഗിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്. വ്യാപക നാശമുണ്ടാക്കുന്ന ഇവ ജനവാസമേഖലയില്‍ ഉപയോഗിക്കുന്നതു ജനീവ കണ്‍വന്‍ഷന്‍ വിലക്കിയിട്ടുള്ളതാണ്.
28നു രാവിലെയാണ് നസ്‌റുള്ളയുടെയും മറ്റു ഹിസ്ബുള്ള നേതാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
2006 മുതല്‍ ഇസ്രയേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. 2006ല്‍ നടന്ന യുദ്ധം ഇസ്രയേലിന് വ്യക്തമായ വിജയം നേടിത്തന്നില്ല പിന്നാലെ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ഇത് വെടിനിര്‍ത്തലില്‍ അവസാനിച്ചിരുന്നു.
അന്ന് മുതല്‍ ഹിസ്ബുള്ളയുടെ പ്രവര്‍ത്തനരീതികളെയും യുദ്ധത്തില്‍ അവര്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ വലിയ സംഘം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയാണ് ഇസ്രയേല്‍ വിന്യസിച്ചത്. കൂടാതെ ഇവരുടെ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളുടെ സിഗ്‌നലുകള്‍ ചോര്‍ത്താന്‍ ഇസ്രയേല്‍ സൈന്യത്തിന്റെ സിഗ്‌നല്‍സ് ഇന്റലിജന്‍സ് ഏജന്‍സിയായ യൂണിറ്റ് 8200 അത്യാധുനിക സൈബര്‍ സങ്കേതങ്ങളും വികസിപ്പിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Discussion about this post