കൊച്ചി; പീഡനക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ച നടൻ സിദ്ദിഖിന്റെ വീടിന് മുന്നിൽ ആഘോഷവും ലഡുവിതരണവും. റോഡിലൂടെ പോകുന്ന വാഹനങ്ങളിലെ യാത്രക്കാർക്കും നാട്ടുകാർക്കും ലഡുവിതരണം ചെയ്തു.നമ്മുടെ സിദ്ദിഖ് സാറിന് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ലഡു വിതരണം. സിദ്ദിഖ് ഞങ്ങളുടെ അയൽവാസിയും നാട്ടുകാരനുമാണെന്ന് ലഡു വിതരണം ചെയ്തയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹത്തെ ക്രൂശിക്കാൻ വേണ്ടി ചെയ്ത പണിയാണിത്. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞുവരും. കേസ് നടക്കട്ടെ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് നമുക്ക് 100 ശതമാനം വിശ്വാസമുണ്ട്. പത്ത് മുപ്പത് വർഷമായി ഞങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇന്ത്യയുടെ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നൽകിയിരിക്കുന്നതെന്ന് നാട്ടുകാരൻ പറഞ്ഞു.
അതേസമയം രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞത്. വിചാരണക്കോടതി വെക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദവും കോടതി പരിഗണിച്ചു. സംസ്ഥാനം എട്ട് വർഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. 365 സിനിമയിൽ അഭിനയിച്ചെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് 6 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു.
മുൻകൂർ ജാമ്യം ലഭിച്ചതോടെ നടൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് അഭിഭാഷകൻ അറിയിച്ചു. തിരുവനന്തപുരം എസ്‌ഐടിക്ക് മുൻപാകെയാകും ഹാജരാവുകയെന്നാണ് വിവരം.
Discussion about this post