ബംഗളൂരു: കിടന്നുറങ്ങി യുവതി സ്വന്തം പോക്കറ്റിൽ ആക്കിയത് ലക്ഷങ്ങൾ. ബംഗളൂരു സ്വദേശിനി സായീശ്വരി പാട്ടീലാണ് ഉറങ്ങി ഒൻപത് ലക്ഷം രൂപ സ്വന്തമാക്കിയത്. ബംഗളൂരുവിലെ സ്റ്റാർട്ട് അപ്പ് കമ്പനിയായ വേക്ക്ഫിറ്റ്‌സ് ആണ് യുവതിയ്ക്ക് ലക്ഷങ്ങൾ സമ്പാദിയ്ക്കാൻ അവസരം ഒരുക്കിയത്.
അടുത്തിടെ കമ്പനി സ്ലീപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത പെൺകുട്ടി സ്ലീപ് ചാമ്പ്യൻ പട്ടം നേടി. ഇതോടെയാണ് ഒൻപത് ലക്ഷം കയ്യിലായത്. സായീശ്വരിയ്‌ക്കൊപ്പം 11 പേരാണ് ഈ ഇന്റേൺഷിപ്പിൽ പങ്കെടുത്തത്. ഇവരോട് മത്സരിച്ചാണ് യുവതി വിജയിച്ചത്. 8 മുതൽ 9 മണിക്കൂർവരെയുള്ള ഉറക്കത്തിന്റെ മൂല്യത്തിന് പ്രാധാന്യം നൽകുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. പകൽ സമയങ്ങളിൽ ചെറു ഉറക്കങ്ങളും പ്രോഗ്രാം പ്രോത്സാഹിപ്പിക്കുന്നു.
വേക്ക്ഫിറ്റിന്റെ മൂന്നാം സീസൺ മത്സരം ആയിരുന്നു നടന്നത്. ഇതിൽ എല്ലാ മത്സരാർത്ഥികൾക്കും പ്രീമിയം മെത്തകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകി. സ്ലീപ്പ് ട്രാക്കർ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ഉറക്കം വിദഗ്ധർ നിരീക്ഷിച്ചിരുന്നത്. മൂന്ന് സീസണുകളിലായി 51 പേരാണ് പങ്കെടുത്തത്. ഇവർക്ക് സ്റ്റൈപ്പൻഡായി 63 ലക്ഷം രൂപയാണ് ചിലവിട്ടത് എന്ന് കമ്പനി പറയുന്നു.
ഇന്റേൺഷിപ്പിൽ പങ്കെടുക്കുന്നതിനായി ചിട്ടയായ ജീവിതം അനിവാര്യമാണെന്ന് സായീശ്വരി പറയുന്നു. ഉറങ്ങുന്നതിനും എഴുന്നേൽക്കുന്നതിനും കൃത്യസമയം പാലിക്കണം. ഇതിനായി രാത്രിയുള്ള ഫോൺ ഉപയോഗം നിർത്തിയെന്നും സായീശ്വരി വ്യക്തമാക്കുന്നു.
Discussion about this post