ചെന്നൈ: നടൻ രജനികാന്ത് ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കഠിനമായ വയറുവേദനയെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് വിവരം. ആവശ്യമായ ചികിത്സ നൽകിയതോടെ അദ്ദേഹം സുഖം പ്രാപിച്ചു. ഇന്ന് അദ്ദേഹത്തെ കൂടുതൽ പരിശോധനയ്ക്ക് വിധേയനാക്കും. കുറച്ച് ദിവസങ്ങൾ കൂടി അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് സഹതാരങ്ങൾ ആശംസിച്ചു. നടനും രാഷ്ട്രീയക്കാരനുമായ ആർ. ശരത് കുമാർ ഉൾപ്പെടെയുള്ളവരാണ് അദ്ദേഹം എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചുവരട്ടെയെന്ന് ആശംസിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനികാന്ത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ശരത് കുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയാണെന്നും ശരത് കുമാർ കൂട്ടിച്ചേർത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ വിലയിരുത്തി.
പുതിയ ചിത്രമായ വേട്ടൈയ്യന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു രജനികാന്ത്. വിശാഖപട്ടണത്ത് ആയിരുന്നു താരം ഉണ്ടായിരുന്നത്. ഷൂട്ടിംഗിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് രജനികാന്ത് ചെന്നൈയിൽ എത്തിയത്.
Discussion about this post