56 വർഷത്തിന് ശേഷം മലയാളി സൈനികൻറെ മൃതദേഹം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയതിൽ വേദനയും ആശ്വാസവും പങ്കുവച്ച് തോമസ് ചെറിയാന്റെ സഹോദരങ്ങൾ . എന്നെങ്കിലും സഹോദരനെ കണ്ടെത്തുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു . മൃതദേഹം കിട്ടിയെന്ന് അറിഞ്ഞപ്പോൾ അതിയായ വേദനയും ആശ്വാസവുമാണ് തോന്നിയത് എന്ന് അവർ പറഞ്ഞു.
ആദ്യം തന്നെ വാർത്ത കേട്ടപ്പോൾ വല്ലാത്ത വിഷമമാണ് തോന്നിയത്. കൂടപ്പിറപ്പ് ഞങ്ങളുടെ കൂടെ ചേരുകയാണല്ലോ എന്ന ആശ്വാസമുണ്ട്. അപ്പന്റെയും അമ്മയുടെയും കല്ലറയിൽ തോമസിനെയും വെയ്ക്കാമല്ലോ… ഇനി എന്നും കാണമല്ലോ എന്നും ആലോചിച്ച് ആശ്വാസമുണ്ട്. ഇത്ര നാളും ഒന്നും കിട്ടിയില്ലല്ലോ എന്ന് ആലോചിച്ച് വിഷമമായിരുന്നു എന്ന് സഹോദരങ്ങൾ പറഞ്ഞു.
1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിലാണ് തോമസ് ഉൾപ്പെടെയുള്ള മൂന്ന് സൈനികർക്ക് വീരമൃത്യൂ സംഭവിച്ചത്. 1968 ഫെബ്രുവരി 7 ന് ഛണ്ഡീഗഡിൽ നിന്ന് ലേയിലേക്കുള്ള യാത്രാമധ്യേ ആണ് ഇന്ത്യൻ വ്യോമസേനയുടെ AN-12 ടർബോപ്രോപ്പ് ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് കാണാതായിരുന്നത്. മോശം കാലാവസ്ഥയിൽ കുടുങ്ങിയ വിമാനം ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിന് മുകളിൽ തകർന്നു വീഴുകയായിരുന്നു. അപകടത്തിന് ശേഷം കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി മഞ്ഞു മൂടി കിടക്കുന്ന ഈ മേഖലയിൽ മൃതദേഹവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത് .
2019 വരെയുള്ള കാലയളവിൽ ഈ അപകടത്തിൽപെട്ട അഞ്ചുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. 2003-ൽ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ പർവതാരോഹകർ ആയിരുന്നു ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിനുശേഷം ഇപ്പോഴാണ് നാലു സൈനികരുടെ കൂടി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്
പത്തനംതിട്ട ഇലന്തൂർ ഒടാലിൽ കുടുംബാംഗമായ തോമസ് ചെറിയാൻ ഇന്ത്യൻ സൈന്യത്തിൽ ക്രാഫ്റ്റ്‌സ്മാൻ ആയിരിക്കെയാണ് വിമാനാപകടത്തിൽ വീരമൃത്യു വരിച്ചത്. അപകടം നടക്കുമ്പോൾ വെറും 22 വയസ്സ് മാത്രമായിരുന്നു തോമസ് ചെറിയാന് പ്രായമുണ്ടായിരുന്നത്.
Discussion about this post