മുംബൈ; ഇരുചക്രവാഹനലോകത്തെ രാജകീയവാഹനമെന്ന് ഫാൻസുകാർ വിശേഷിപ്പിക്കുന്ന റോയൽ എൻഫീൽഡ് ചില മോട്ടോർ സൈക്കിളുകൾ തിരിച്ചുവിളിച്ചതായി വിവരം. കമ്പനി 2022 നവംബറിനും 2023 മാർച്ചിനും ഇടയിൽ നിർമ്മിച്ച മോട്ടോർസൈക്കിളുകളാണ് തിരിച്ചുവിളിച്ചത്. ഈ മോട്ടോർ സൈക്കിളുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈഡ് റിഫ്‌ളക്ടറുകളിൽ തകരാർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്ന നടപടിയിലേക്ക് റോയൽ എൽഫീൽഡ് കടന്നത്.
മാനദണ്ഡത്തിന് അനുസൃതമായിട്ടല്ല റിഫ്‌ളക്ടറുകൾ നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. കുറഞ്ഞ വെളിച്ചത്തിൽ പ്രകാശത്തെ ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ സാധിക്കില്ല. ഇത് ദൃശ്യപരത കുറച്ചേക്കാം. ഇത് റൈഡറുടെ സുരക്ഷയെ ബാധിക്കുമെന്ന് സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം.
തകരാറിലായ വാഹനങ്ങളുടെ റിഫ്‌ളക്ടറുകൾ സൗജന്യമായി മാറ്റിനൽകുമെന്ന് കമ്പനി അറിയിച്ചു. ദക്ഷിണകൊറിയ,യുണൈറ്റഡ് സ്റ്റേറ്റ്‌സ്,കാനഡ എന്നിവടങ്ങളിലെ ഉപഭോക്താക്കളിൽ നിന്നാണ് ആദ്യം വാഹനങ്ങൾ തിരിച്ച് വിളിക്കുക. പ്രശ്‌നം പരിഹരിക്കുന്നതിന് 15 മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി. ഈ തകരാർ ബാധിച്ച മോട്ടോർസൈക്കിളുകളുടെ ഉപഭോക്താക്കളെ റോയൽ എൻഫീൽഡിന്റെ സർവീസ് ടീം റിഫ്ളക്ടർ മാറ്റിസ്ഥാപിക്കുന്നതിനായി ബന്ധപ്പെടും.
അതേസമയം മുഖംമിനുക്കി ക്ലാസിക് 350 റോയൽ പുറത്തെത്തിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.അഞ്ച് വേരിയന്റുകളിലാണ് പുതിയ ക്ലാസിക് 350 എത്തിയിട്ടുള്ളത്. 1.99 ലക്ഷം രൂപ മുതൽ 2.30 ലക്ഷം രൂപ വരെയാണ് ഈ ബൈക്കിന്റെ എക്സ്ഷോറൂം വില. ഹെറിറ്റേജ്, ഹെറിറ്റേജ് പ്രീമിയം. സിഗ്‌നൽസ്, ഡാർക്ക്, ക്രോം എന്നിങ്ങനെയാണ് വേരിയന്റുകൾക്ക് പേര് നൽകിയിരിക്കുന്നത്. പുതിയ നിറങ്ങൾക്കൊപ്പം ഡിസൈനിൽ ഏതാനും മാറ്റങ്ങളും വരുത്തിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ഹെഡ്ലാമ്പ്, പൈലറ്റ് ലൈറ്റുകൾ, ടേൺ ഇന്റിക്കേറ്ററും, ടെയ്ൽലാമ്പ് എന്നിവയാണ് പ്രധാനമാറ്റം. ബ്രേക്ക്, ക്ലെച്ച് എന്നിവയുടെ ലിവറിൽ അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, യു.എസ്.ബി. ചാർജിംങ് സംവിധാനം, ട്രിപ്പർ നാവിഗേഷൻ തുടങ്ങിയ സംവിധാനങ്ങളുമാണ് പുതിയ മോഡലിൽ അധികമായി നൽകിയിട്ടുള്ളത്.
Discussion about this post