ന്യൂഡൽഹി : പരിസ്ഥിതി പ്രവർത്തകനും കാലാവസ്ഥ ആക്ടിവിസ്റ്റും ആയ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത നടപടി കേന്ദ്രസർക്കാരിന്റെ ഭീരുത്വമാണ് കാണിക്കുന്നത് എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. അറസ്റ്റ് ജനാധിപത്യവിരുദ്ധ നടപടി ആണെന്ന് രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ചയാണ് ലഡാക്കിൽ നിന്നും ഡൽഹിയിലേക്ക് നൂറിലേറെ പേർ വരുന്ന സംഘവുമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്ന സോനം വാങ്ചുക്കിനെ അതിർത്തിയിൽ വെച്ച് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ലഡാക്കിലെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ലേയ്ക്കും കാർഗിലിനും പ്രത്യേക ലോക്സഭാ സീറ്റുകൾ വേണമെന്നും ആവശ്യപ്പെട്ടാണ് വാങ്ചുക് ഡൽഹി ചലോ പദയാത്ര നടത്തിയിരുന്നത്. ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ സമാപിക്കുന്ന രീതിയിലായിരുന്നു പ്രതിഷേധ സംഘം ലഡാക്കിൽ നിന്നും എത്തിയിരുന്നത്.
വഖഫ് ബോർഡ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ ആറ് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡൽഹിയിലേക്ക് എത്തുന്നതിനു മുൻപായി സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Discussion about this post