തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുന്നതിനാൽ ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . മറ്റെല്ലാ ജില്ലകളിലും നേരിയതോ, ഇടത്തരമോ ആയ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി എന്നിവയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ.
കേരള തീരത്ത് ഇന്ന് രാത്രി പതിനൊന്നരവരെ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11:30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
ഇന്നലെ രാത്രി വിവിധ ജില്ലകളിൽ ഇടിയോടുകൂടിയ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയിരുന്നു.
Discussion about this post