ടെൽ അവീവ്: ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ടതിലൂടെ ഇറാൻ ഒരു വലിയ തെറ്റ് ചെയ്‌തെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. അതിനുള്ള മറുപടി കൊടുക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം ഇറാന്റെ ആക്രമണത്തെ ഇസ്രയേൽ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ഇസ്രയേലിനെ അമേരിക്കയും സഖ്യ കക്ഷികളും സഹായിച്ചെന്നെന്നും ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൌസ് പ്രതികരിച്ചത്. ആക്രമണത്തിൽ ഇസ്രയേലിൽ ആരും കൊല്ലപ്പെട്ടതായി വിവരമില്ല.
അമേരിക്ക ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇസ്രയേൽ എങ്ങനെ പ്രതികരിക്കണമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഇപ്പോൾ സജീവമായ ചർച്ചയിലാണെന്നും നെതന്യാഹുവുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും ഇറാനുള്ള പ്രതികരണം കടുപ്പമായിരിക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. നിലവിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി അടക്കമുള്ളവരെ ഇറാൻ ബങ്കറുകളിലാക്കിയിട്ടുണ്ട് എന്നാണ് വിവരം.
Discussion about this post