തിരുവനന്തപുരം: പൂന്തുറയിൽ ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാൻ എത്തിയ വീട്ടമ്മ പിടിയിൽ. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിനിയായ ബർക്കത്താണ് അസ്റ്റിലായത്. 500 രൂപയുടെ 25 നോട്ടുകളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പൂന്തുറ കുമരിച്ചന്തയിലുള്ള എസ്ബിഐ ബാങ്കിലാണ് ഇവർ പണവുമായി എത്തിയത്. ബാങ്കിൽ എത്തിയ ഇവർ കൗണ്ടറിൽ പണം നൽകി. തുടർന്ന് മെഷീനിൽ എണ്ണുന്നതിനിടെ ഇത് കള്ള നോട്ട് ആണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ ബർക്കത്തിനെ ബാങ്ക് ജീവനക്കാർ തടഞ്ഞുവച്ചു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. ബാങ്കിൽ വച്ച് ചോദിച്ചപ്പോൾ ഭർത്താവിന്റെ സുഹൃത്ത് തന്ന പണമാണെന്ന് ആയിരുന്നു യുവതിയുടെ മൊഴി. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാതിരുന്ന പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭർത്താവ് സൗദിയിൽ ആണ്. ഭർത്താവ് നൽകിയതാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്താണ് തനിക്കിത് നൽകിയത് എന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ ബർക്കത്ത് റിമാൻഡിലാണ്.
Discussion about this post