ന്യൂഡൽഹി; ഇന്ത്യയുടെ ശുക്രദൗത്യം 2028 ൽ മാർച്ചിൽ വിക്ഷേപിക്കുമെന്ന് വിവരം. ശുക്രഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള ഇസ്രോയുടെ ദൗത്യം 112 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ഗ്രഹത്തിലെത്തുക. വീനസ് ഓർബിറ്റർ മിഷൻ എന്നാണ് ദൗത്യത്തിന്റെ പേര്. 1236 കോടിരൂപ ചെലവിലാണ് ഭാവിയിലെ ശുക്രദൗത്യങ്ങൾക്കായി വിവരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്ന ശുക്രയാൻ തയ്യാറാക്കുന്നത്. 19 ഉപകരണങ്ങളാണ് വിവിധപഠനത്തിനായി ശുക്രയാനിൽ സ്ഥാപിക്കുക.
ശുക്രനു ചുറ്റും 500 കിലോമീറ്റർ വരെ അടുത്തും 60,000 കിലോമീറ്റർ വരെ അകലെയുമായി ദീർഘവൃത്താകൃതിയിലെ ഭ്രമണപഥത്തിൽ എത്തുന്ന വിഒഎം 6-8 മാസം കൊണ്ട് എയ്‌റോബ്രേക്കിങ്ങിലൂടെ വേഗം ക്രമീകരിച്ച് 200 X 600 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് എത്തും. അവിടെ നിന്ന് ശുക്രനെ ഏറ്റവും അടുത്തു നിരീക്ഷിക്കാനും പഠിക്കാനുമാകും.
ഭൂമിയുടെ ഇരട്ടയെന്ന് വിളിക്കപ്പെടുന്ന ഗ്രഹമായ ശ്രുക്രനിൽ ഒരുകാലത്ത് സമുദ്രങ്ങളുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയെ ഗ്രഹമായി കണക്കാക്കപ്പെടുന്ന ശുക്രന്റെ അന്തരീക്ഷമർദ്ദം ഭൂമിയുടെ സമുദ്രനിരപ്പിന്റെ ഏകദേശം 92 മടങ്ങാണ്. ശുക്രൻ ഭൂമിയുടെ എതിർദിശയിലുമാണ് കറങ്ങുന്നത്. അതായത് ശുക്രനിൽ താമസിക്കുമ്പോൾ സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടും.
ഭൂമിക്ക് സമാനമായ ഘടനയാണ് ശുക്രന്റേതെങ്കിലും ഉപരിതല താപനില നിലവിൽ 470 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നാണ് വിലയിരുത്തൽ. നാസയും ജർമൻ എയ്റോസ്പേസ് സെന്ററും സംയുക്തമായി നടത്തിയ ഗവേഷണത്തിൽ കഴിഞ്ഞവർഷം ശുക്രനിൽ ഓക്സിജൻ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിന്റെ രണ്ട് അടുക്കുകൾക്കിടയിൽ ഒരു നേർത്ത പാട പോലെയാണ് ഓക്സിജൻ കണ്ടെത്തിയത്. എന്നാൽ ഭൂമിയിൽ ശ്വസനത്തിന് സഹായിക്കുന്ന രണ്ട് ആറ്റങ്ങളുടെ സംയുക്തമായ ഓക്സിജൻ വാതകമല്ല മറിച്ച് ഒറ്റ ഓക്സിജൻ ആറ്റമുള്ളതാണ്
Discussion about this post