ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. വ്രതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. രണ്ട് പെൺമക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിനായി മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം.
രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. നഗ്നപാദനായി ആയിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. പ്രായശ്ചിത്ത ദീക്ഷയുമായി ബന്ധപ്പെട്ടുള്ള 11 ദിവസം നീണ്ട വ്രതം ഇന്നാണ് അവസാനിക്കുന്നത്. ഇതേ തുടർന്നാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ജഗൻമോഹൻ സർക്കാരിന്റെ കാലത്ത് സംഭവിച്ച തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായിട്ടാണ് അദ്ദേഹം വ്രതം നോറ്റത്.
മക്കളായ പാലിന അഞ്ജനി കൊനിഡേല, അദ്യാ കെനിഡേല എന്നിവരായിരുന്നു ക്ഷേത്ര ദർശനത്തിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. പ്രത്യേക പൂജകളിൽ ഇവർ പങ്കാളികളായി. നിരവധി വഴിപാടുകൾ കഴിച്ച ശേഷം ആയിരുന്നു ക്ഷേത്ര ദർശനം അവസാനിപ്പിച്ചത്.
കഴിഞ്ഞ മാസമാണ് തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വാർത്തകളിൽ നിറഞ്ഞത്. മുൻ സർക്കാർ ലഡ്ഡു നിർമ്മാണത്തിനായി നെയ്യിന് പകരം മൃഗക്കൊഴുപ്പ് ആണ് ഉപയോഗിച്ചിരുന്നത് എന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തെക്കുറിച്ചുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞത്.
Discussion about this post