ടെൽ അവീവ് : യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഇസ്രായേൽ. ഹമാസിനും ഇറാനും പിന്തുണ നൽകുന്ന അൻ്റോണിയോ ഗുട്ടെറസിന്റെ സമീപനമാണ് ഇസ്രായേലിന്റെ കടുത്ത എതിർപ്പിന് വഴി വച്ചിരിക്കുന്നത്. ഇതോടെ ഇസ്രായേലും യുഎന്നും തമ്മിലുള്ള ഭിന്നതകൾ പരോക്ഷമായിരിക്കുകയാണ്.
ഹമാസ്, ഹിസ്ബുള്ള എന്നീ സംഘടനകളിലെ ഭീകരർക്കും കൊലപാതകങ്ങൾക്കും പിന്തുണ നൽകുകയും ഇറാന്റെ നടപടികളെ അപലപിക്കാൻ പോലും തയ്യാറാകാതിരിക്കുകയും ചെയ്യുന്ന അൻ്റോണിയോ ഗുട്ടെറസിനെ “പേഴ്‌സണ നോൺ ഗ്രാറ്റ” എന്ന് പ്രഖ്യാപിക്കുകയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആണ് വ്യക്തമാക്കിയത്.
ഇസ്രയേലിനെതിരായ ഇറാൻ്റെ ഹീനമായ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കാൻ കഴിയാത്ത ആർക്കും, ഇസ്രായേൽ മണ്ണിൽ കാലുകുത്താൻ അർഹതയില്ല എന്നും ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി.
ഇസ്രായേലിനെതിരായി നടക്കുന്ന കൂട്ടക്കൊലകളെയും ലൈംഗിക അതിക്രമങ്ങളെയും അപലപിച്ചിട്ടില്ലാത്ത ഒരു സെക്രട്ടറി ജനറലാണ് ഇപ്പോൾ യുഎന്നിനുള്ളത്. ഒക്‌ടോബർ ഏഴിന് ലോകം തന്നെ ഞെട്ടിയ ഭീകരാക്രമണം ഇസ്രായേലിൽ നടത്തിയ ഹമാസിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾക്ക് പോലും പിന്തുണ നൽകാത്ത വ്യക്തിയാണ് ഗുട്ടെറസെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
Discussion about this post