ന്യൂഡൽഹി: വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി നേരിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. 79,000 കോടി രൂപയുടെ നഷ്ടമാണ് റിലയൻസിന് ഉണ്ടായിരിക്കുന്നത്. ഈ ആഴ്ച ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഇത്രയും ഭീമമായ നഷ്ടം റിലയൻസിന് ഉണ്ടായിരിക്കുന്നത്. ഓഹരിവിപണിയിലെ ഇടിവാണ് ഇതിന് കാരണം ആയത് എന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച റിലയൻസ് ഓഹരികളുടെ വില ഏകദേശം 3 ശതമാനത്തോളം ഇടിഞ്ഞിരുന്നു. അന്നേ ദിവസം തന്നെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയിൽ 1, 100 പോയിന്റുകൾ ഇടിഞ്ഞു. ചൊവ്വാഴ്ച നേട്ടം പ്രതീക്ഷിച്ചെങ്കിലും സാഹചര്യങ്ങൾ അനുകൂലമായില്ല. ചൊവ്വാഴ്ച റിലയൻസിന്റെ ഓഹരികളിൽ 0.79 ശതമാനം ഇടിവുണ്ടായി. ഇത്തരത്തിൽ രണ്ട് ദിവസത്തിനിടെ 79,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ച ഓഹരിയിൽ ഉണ്ടായ തകർച്ച ബാങ്കിംഗ്, ഓട്ടോ, ഫിനാൻഷ്യൽ സർവ്വീസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ സെക്ടറുകളിൽ വലിയ ഇടിവിന് കാരണം ആയി. അന്നേ ദിവസം നിഫ്റ്റി സൂചിക 300 പോയിന്റുകളോളം താഴ്ചയും നേരിട്ടു.
റിഫൈനറി ബിസിനസ് നടത്തുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് റിലയൻസ്. ടെലികോം മേഖലയിലും കമ്പനിയ്ക്ക് ശക്തമായ സ്വാധീനം ഉണ്ട്. അടുത്തിടെ റിലയൻസ് ജിയോയുടെ താരിഫുകൾ വർദ്ധിപ്പിച്ചിരുന്നു. ലാഭം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു വർദ്ധനവ് എങ്കിലും ജിയോ ഉപഭോക്താക്കൾ കൂട്ടമായി കമ്പനിയെ കൈവിട്ടു. ഇതേ തുടർന്ന് കനത്ത നഷ്ടമാണ് കമ്പനിയ്ക്ക് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഓഹരിയിലും ഭീമമായ തകർച്ച നേരിടുന്നത്.
Discussion about this post