ലണ്ടൻ: അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കൂൺ ‘ ഡെവിൾസ് ഫിംഗേഴ്‌സ്’ ലണ്ടനിലെ കാടുകളിൽ കണ്ടെത്തി. ന്യൂ ഫോറസ്റ്റ് മേഖലയിലാണ് കൂണുകൾ പ്രത്യക്ഷപ്പെട്ടത്. പ്രേതത്തിന്റെ വിരലുകൾ പോലെ ഭയപ്പെടുത്തുന്ന രൂപമുള്ള ഈ കൂണുകൾക്ക് രൂക്ഷ ഗന്ധമാണ് ഉള്ളത്.
67കാരിയായ വിരമിച്ച അദ്ധ്യാപികയാണ് ഈ അപൂർവ്വയിനം കൂണ് ആദ്യം കണ്ടത്. ഉടനെ ഈ അത്ഭുത കാഴ്ച മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. കൈവിരലുകൾ പോലെ തോന്നിപ്പിക്കുന്ന ഈ കൂണുകൾ താൻ മുൻപൊരിക്കലും കണ്ടിട്ടില്ലെന്ന് അദ്ധ്യാപിക ജൂലിയ റോസ്സെർ പറഞ്ഞു. കണ്ടപ്പോൾ വലിയ ഭയം തോന്നി. ഇതിനെക്കുറിച്ച് ഇന്റർനെറ്റിൽ നിന്നുമാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. ഒക്ടോബർ മാസങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടാറുള്ളത്. തണുപ്പ് കാലമാണ് ഇവയ്ക്ക് വളരാൻ അനുകൂലമായ കാലാവസ്ഥയെന്നും റോസ്സെർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബർ മാസത്തിലും ഇവിടെ ഈ അപൂർവ്വ കൂൺ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്. രൂപഘടന കാരണം ഒക്‌റ്റോപ്പസ് സ്റ്റിൻക്‌ഹോർൺ, ഒക്ടോപ്പസ് ഫംഗസ് എന്നിങ്ങനെയും ഈ കൂണുകൾ അറിയപ്പെടുന്നുവെന്നും റോസ്സർ പറഞ്ഞു.
1914 ലാണ് ഡെവിൾസ് ഫിംഗേഴ്‌സ് ആദ്യമായി കണ്ടെത്തിയത്. ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വളരുന്ന ഈ കൂണുകൾ രണ്ടാം ലോക മഹായുദ്ധ കാലത്താണ് ബ്രിട്ടണിൽ എത്തിയത് എന്നാണ് വിവരം. മൃതദേഹങ്ങൾ അഴുകുമ്പോൾ പുറത്തുവരുന്ന മണമാണ് ഈ കൂണുകൾക്കുള്ളത്.
Discussion about this post