ഈ വർഷത്തെ നവരാത്രിയുടെ പുണ്യനാളുകൾക്ക് ആരംഭമായി. ശക്തിസ്വരൂപിണിയായ ദേവി പരാശക്തിയെ ആരാധിക്കേണ്ട ഒൻപത് ദിനരാത്രങ്ങൾ. ആദിശക്തിയായ ദുർഗാ ദേവിയെ ഓരോ ദിവസവും ഒൻപത് വ്യത്യസ്ത രൂപങ്ങളിൽ ആരാധിക്കുന്നു. മഹിഷാസുരൻ, ചണ്ഡമുണ്ഡന്മാർ, മധുകൈടഭന്മാർ, ശുംഭനിശുംഭന്മാർ, രക്തബീജൻ തുടങ്ങിയ അസുരശക്തികളെ നിഗ്രിക്കാനായി ദുർഗാ ദേവി വിവിധങ്ങളായ രൂപങ്ങൾ കൈക്കൊണ്ടുവെന്നാണ് ദേവീ മാഹാത്മ്യത്തിൽ പറയുന്നത്. ഓരോ ദിവസവും ദേവി ആവിർഭിക്കുന്ന രൂപത്തിൽ ആരാധിച്ചാൽ, സർവ ഐശ്വര്യങ്ങളും ശസ്ത്രുനാശനവുമെല്ലാം സംഭവിക്കുന്നു.
സ്ത്രീകൾക്ക് ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ് നവരാത്രിയുടെ ഒൻപത് ദിനരാത്രങ്ങൾ. വ്രതാനുഷ്ടാനങ്ങളോടെ അവർ ഈ ഒൻപത് ദിവസവും ദേവിയുടെ വ്യത്യസ്ത ഭാവങ്ങളെ ആരാധിക്കുന്നു. നവരാത്രിയുടെ ഓരോ ദിവസവും ദേവി ഓരോ ഭാവങ്ങളിൽ ദേവി പ്രത്യക്ഷപ്പെടുന്നതുപോലെ, ആ ദിവസങ്ങളിൽ ഓരോ നിറങ്ങൾക്കും പ്രധാന്യം കൽപ്പിക്കപ്പെടുന്നു. ഈ ദിവസങ്ങളിൽ സ്ത്രീകൾ ദേവീ പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വശ്വാസം.
നവരാത്രിയുടെ ഒന്നാം ദിനത്തിൽ ദേവിയെ ശൈലപുത്രിയായി ആണ് ആരാധിക്കേണ്ടത്. ഈ ദിവസം മഞ്ഞ വസ്ത്രമാണ് ധരിക്കേണ്ടത്. സന്തോഷത്തിന്റെയും ശോഭയുടെയും പ്രതീകമാണ് മഞ്ഞ. പ്രകൃതിയുടെ വിശുദ്ധിയെ ഉൾക്കൊള്ളുന്ന മഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് നമുക്ക് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാം.
ബ്രഹ്‌മചാരിണി രൂപത്തിലാണ് നവരാത്രിയുടെ രണ്ടാം ദിനം ദേവിയെ ആരാധിക്കേണ്ടത്. പച്ച വസ്ത്രമാണ് ഈ ദിനം ധരിക്കേണ്ടത്. പ്രകൃതിയുടെ നിറമാണ് പച്ച. ഇത് ഐക്യത്തെ പ്രതിനിധാനം ചെയ്യുന്നു. പുതിയ തുടക്കത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകൾ നൽകുന്ന നിറമാണ് പച്ച.
മൂന്നാം ദിവസം ദുർഗാ ദേവിയെ ചന്ദ്രഘണ്ഡാ ദേവിയായി ആണ് ആരാധിക്കുക. ചാരനിറത്തിനാണ് ഈ ദിനത്തിൽ പ്രധാന്യം. ശക്തിയും സ്ഥിരതയുമാണ് ഈ നിറത്തെ സൂചിപ്പിക്കുന്നത്. ഏവരെയും സംരഷിക്കുന്ന ദേവിയുടെ ഭാവമാണ് ഈ നിറം കാണിക്കുന്നത്. പക്വതയെയും ജ്ഞാനത്തെയും ഈ നിറം സൂചിപ്പിക്കുന്നു.
നാലാം ദിനം ആദിപരാശക്തിയെ കുശ്മാണ്ഡ ദേവിയായി ആരാധിക്കുന്നു.ഓറഞ്ച് നിറമുള്ള വസ്‌രതമാണ് ഈ ദിനം ധരിക്കേണ്ടത്. സന്തോഷത്തിന്റെ പ്രതീകമാണ് ഈ നിറം. ഈ ദിനം കുശ്മാണ്ഡ ദേവിയെ ആരാധിക്കുന്നത് ഭക്തറക്ക് ജ്ഞാനം സിദ്ധിക്കുന്നു.
അഞ്ചാം ദിനം സ്‌കന്ദമാതാ ദേവിയായി ആണ് ദേവിയെ ആരാധിക്കുന്നത്. വെള്ള നിറമാണ് സ്‌കന്ദമാതാ ദേവിക്ക് പ്രിയപ്പെട്ട നിറം. മാതൃഭാവമാണ് സ്‌കന്ദ മാതാവിന്. വിശുദ്ധിയും മാതൃത്വവുമാണ് ഈ നിറം പ്രതിനിധീകരിക്കുന്നത്. ആത്മീയമായ അഭിവൃദ്ധിയുടെയും ശാന്തതയുടെയും പ്രതീകമാണ് വെള്ളനിറം.
ആറാം ദിനം കാത്യായനീ ഭാവത്തിലാണ് ദേവിയെ ആരാധിക്കുക. ചുവപ്പ് നിറത്തിനാണ് ഈ ദിനത്തിൽ പ്രധാന്യം. ദേവിക്ക് ഏറെ പ്രിയപ്പെട്ട ചുവപ്പ് നിറമാണ് ഈ ദിനം ധരിക്കേണ്ടത്. ശക്തിയെയും ധൈര്യത്തെയും ആണ് ഈ നിറം സൂചിപ്പിക്കുന്നത്.
നവരാത്രിയുടെ ഏഴാം നാൾ ദേവി കാളരാത്രിക്ക് സമർപ്പിച്ചിരിക്കുന്നു. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട നീല നിറമാണ് ഈ ദിനം ധരിക്കേണ്ടത്. സമൃദ്ധി, ശാന്തത എന്നിവയാണ് നീല നിറം സൂചി്പിക്കുന്നത്. ദൈവികതയെയും ജ്ഞാനത്തെയും ഈ നിറം സൂചിപ്പിക്കുന്നു.
എട്ടാം ദിനം മഹാഗൗരിയായി ദേവി ആരാധിക്കപ്പെടുന്നു. മിന്നുന്ന സൗന്ദര്യത്തിനും ഉദാരതയുടെയും പ്രതിരൂപമാണ് മഹാഗൗരി. പിങ്ക് നിറമാണ് ഈ ദിനത്തിൽ ധരിക്കേണ്ടത്. സ്‌നേഹം, വാത്സല്യം, ഐക്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പിങ്ക് നിറം. ഈ നിറം സന്തോഷം നൽകുകയും ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഒൻപതാം ദിവസമായ നവമി നാൾ ദേവിയെ സിദ്ധിധാത്രി ഭാവത്തിലാണ് ആരാധിക്കേണ്ടത്. പൂർണതയുടെ പ്രതീകമാണ് സിദ്ധിധാത്രി. ആഡംബരത്തെയും മഹത്വത്തെയും പ്രതിനിധീകരിക്കുന്ന പർപ്പിൾ നിറമാണ് ഈ ദിനത്തിൽ ധരിക്കേണ്ടത്.
Discussion about this post