ന്യൂഡൽഹി : ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.
പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതി വഷളാകുന്നതിൽ ഇന്ത്യ അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ സമിതിയിൽ പങ്കെടുത്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയെക്കുറിച്ചും ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെയുള്ള സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തു.
എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് യോഗം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും പെട്രോളിയം ഉൽപന്നങ്ങളുടെ വ്യാപാരത്തിലും വിതരണത്തിലും അതിന്റെ സ്വാധീനവും യോഗത്തിൽ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
പശ്ചിമേഷ്യയിലെ പ്രതിസന്ധി സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം പൂർണ്ണ തോതിലുള്ള യുദ്ധമായി വികസിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയ്ക്ക് ആശങ്കയുള്ളതായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതൊരു രാജ്യത്തിന്റെയും പ്രതികാരം അന്തരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും സാധാരണക്കാരെ ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post