ന്യൂഡൽഹി: യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോവാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാജ്യതലസ്ഥാനത്ത് അടുത്തിടെ നടന്ന 5000 കോടിയുടെ മയക്കുമരുന്ന് വേട്ടയുടെ പിന്നാലെ, പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മയക്കുമരുന്നിനോടുള്ള ‘സീറോ ടോളറൻസ്’ നയത്തിനോട് പ്രതിജ്ഞാബദ്ധരാണ് മോദി സർക്കാർ. വിദ്യഭ്യാസം, കായികം, പുതിയ കണ്ടെത്തലുകൾ എന്നിവയിലേക്ക് യുവതലമുറയെ നയിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, കോൺഗ്രസ് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് ശക്തമാക്കുകയാണെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.
മയക്കുമരുന്നു രഹിത ഇന്ത്യക്കായി കേന്ദ്രസർക്കാർ സീറോ ടോളറൻസ് നയം സ്വീകരിക്കുമ്പോൾ, ഉത്തരേന്ത്യയിൽ നിന്നും പിടിച്ചെടുത്ത 5,600 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരത്തിൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ പങ്കാളിത്തം പുറത്തുവന്നത് അങ്ങേയറ്റം അപകടകരവും ലജ്ജാവഹവുമാണ്. കോൺഗ്രസിന്റെ ഭരണകാലത്ത് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവാക്കളിൽ ഉയരുന്ന മയക്കുമരുന്നിന്റെ സ്വധീനത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യുവാക്കളെ മയക്കുമരുന്നിന്റെ ചെളിക്കുഴിയിലേക്ക് തള്ളിവിട്ടുകൊണ്ടു കോൺഗ്രസ് ചെയ്യുന്ന പാപം തുടരാൻ മോദി സർക്കാർ ഒരിക്കലും അനുവധിക്കില്ല. രാജ്യത്തെ മയക്കുമരുന്നിന്റെ ശൃംഗലയെ ഒന്നാകെ തകർക്കാനായി കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച തെക്കൻ ഡൽഹിയിൽ നടത്തിയ റെയ്ഡിൽ 5,600 കോടി രൂപ വിലമതിക്കുന്ന 500 കിലോയിലധികം കൊക്കൈയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടികൂടിയിരുന്നു. ഇതിന പിന്നാലെ, പ്രധാനപ്രതിയായ തുഷാർ ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തു. തുഷാർ ഗോയലുമായി ഒരു ബന്ധവുമില്ലെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ, 2022 വരെ താൻ ഡൽഹി പ്രദേശ് കോൺഗ്രസിന്റെ വിവരാവകാശ സെല്ലിന്റെ ചെയർമാനായി സേവനമനുഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ തുഷാർ ഗോയൽ സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post