ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ പ്രചാരണം നല്‍കിയത് വഴി നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പ്. 3000 ത്തിലേറെ ആളുകളില്‍ നിന്നായി അടിച്ചുമാറ്റിയത് 500 കോടി രൂപ. സംഭവത്തില്‍ 30 വയസുകാരന്‍ പിടിയിലായെന്നാണ് പൊലീസ് റിപ്പോര്‍ട്ട് . പലിശ വാഗ്ദാനം ചെയ്ത് ആപ്പിനായി പ്രചാരണം നടത്തിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
ഹൈബോക്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയായിരുന്നു തട്ടിപ്പ്. ദിവസം തോറും വന്‍തുക പലിശ ലഭിക്കുമെന്നതായിരുന്നു ആപ്പിന്റെ വാഗ്ദാനം. ജെ ശിവരാം എന്ന 30 കാരനായിരുന്നു തട്ടിപ്പിന് പിന്നില്‍. ഓഗസ്റ്റ് മാസത്തില്‍ ആപ്പിനെതിരെ 29 പേരുടെ പരാതിയാണ് പൊലീസിന് ലഭിച്ചത്. ഫുക്ര ഇന്‍സാന്‍ എന്ന അഭിഷേക് മല്‍ഹാന്‍, എല്‍വിഷ് യാദവ്, ലക്ഷ്യ ചൌധരി, പുരവ് ഝാ അടക്കമുള്ള ഇന്‍ഫ്‌ലുവന്‍സര്‍മാരാണ് തട്ടിപ്പ് ആപ്പിന് പ്രചാരണം നല്‍കിയത്.
നിക്ഷേപിച്ച പണത്തിന് 1ശതമാനം മുതല്‍ 5 ശതമാനം വരെ പലിശ ദിവസേന ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും തട്ടിപ്പില്‍ വീണത്. ഒരുമാസം ആകുമ്പോഴേയ്ക്കും നിക്ഷേപിച്ച പണത്തിന് 30 ശതമാനം മുതല്‍ 90 ശതമാനം വരെ ഗ്യാരന്റീഡ് റിട്ടേണും ആപ്പ് വാഗ്ദാനം ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 89 പേരുടെ പരാതിയാണ് ദില്ലി പൊലീസില്‍ നിന്ന് മാത്രം ലഭിച്ചത്. 488 പരാതികള്‍ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ നിന്നുമാണ് ലഭിച്ചത്.
ഇ വാലറ്റുകളുടെ സഹായത്തോടെയാണ് ശിവറാം പണം കൈമാറ്റം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് അക്കൌണ്ടുകളിലേക്കായിരുന്നു തട്ടിപ്പിലൂടെ സമാഹരിച്ച പണം പോയിരുന്നത്. 18 കോടി രൂപയാണ് പൊലീസ് ഇയാളുടെ അക്കൌണ്ടില്‍ നിന്ന് മാത്രം പിടികൂടിയിട്ടുള്ളത്.
കമ്പനി ഡയറക്ടറുടെ പേരിലുള്ള അക്കൌണ്ടില്‍ നിന്നാണ് 18 കോടി കണ്ടെത്തിയത്. മുപ്പതിനായിരത്തിലേറെ പേര്‍ പണം നിക്ഷേപിച്ചതോടെ നിക്ഷേപകര്‍ക്ക് റിട്ടേണ്‍നല്‍കാതെ നോയിഡയില്‍ അടക്കമുള്ള ഓഫീസുകള്‍ അടച്ചതോടെയാണ് നിക്ഷേപകര്‍ക്ക് തോന്നിയതും പൊലീസില്‍ പരാതിയുമായി എത്തുന്നതും.
Discussion about this post