കൊച്ചി: കോതമംഗലത്ത് വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠന്‍ എന്നീ ആനകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആന കാടുകയറി.
ആനയെ തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിച്ചതായിരുന്നു ആനകളെ. റിസര്‍വ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്‍മാരും റിസര്‍വ് ഫോറസ്റ്റിലേക്ക് പോയി. തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് സംഭവം. അഞ്ച് ആനകളെയായിരുന്നു ഷൂട്ടിങ്ങിനായി കൊണ്ടുവന്നത്. പാപ്പാനെയും ആന ആക്രമിച്ചതായാണ് വിവരം.
പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയി
അതേസമയം, ആന മൂന്നാര്‍ ഫോറസ്റ്റ് റേഞ്ചിലേക്ക് കടന്നതായാണ് വിവരം. മുന്‍പും പുതുപ്പള്ളി സാധു എന്ന ആന കാടുകയറിയിട്ടുണ്ട്. പിന്നീട് ഒരുമാസത്തിന് ശേഷമാണ് ആനയെ തിരികെയെത്തിച്ചത്. 20ഓളം പേരടങ്ങിയ സംഘമാണ് ആനയ്ക്കായി തിരച്ചില്‍ നടത്തുന്നത്.
Discussion about this post