ബംഗളൂരു: ജയിൽ മാറ്റം വേണമെന്ന ആവശ്യവുമായി കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ തൊഗുദീപ. വിചാരണ കോടതിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. രേണുക സ്വാമിയുടെ ആത്മാവ് ഉറക്കത്തിൽ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദർശൻ ജയിൽ മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിചാരണ കോടതി ദർശന്റെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. ഈ വേളയിലാണ് ആത്മാവ് ശല്യപ്പെടുത്തുന്നുവെന്ന് നടൻ കോടതിയെ അറിയിച്ചത്. ഉറങ്ങുമ്പോൾ ദുസ്വപ്‌നങ്ങളിൽ എത്തി രേണുക സ്വാമി ഭയപ്പെടുത്തുന്നു. അതിനാൽ ഉറങ്ങാൻ കഴിയുന്നില്ല. തന്നെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണം എന്നും ദർശൻ കോടതി മുൻപാകെ ആവശ്യപ്പെട്ടു.
നിലവിൽ ബെള്ളാരി ജയിലിൽ ആണ് ദർശൻ കഴിയുന്നത്. നേരത്തെ പരപ്പന അഗ്രഹാര ജയിലിൽ ആയിരുന്നു. എന്നാൽ ഇവിടെ വിഐപി പരിഗണന ആയിരുന്നു ഇയാൾക്ക് ലഭിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരികയും സംഭവം വലിയ വിവാദം ആകുകയും ചെയ്തിരുന്നു. ഇതോടെ ബെള്ളാരി ജയിലിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും അവിടേയ്ക്ക് തന്നെ തിരികെ പോകണം എന്നാണ് ദർശന്റെ ആവശ്യം.
ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു കൊലക്കേസിൽ ദർശൻ അറസ്റ്റിലായത്. രേണുക സ്വാമിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മലിനജല കനാലിൽ തള്ളിയിടുകയായിരുന്നു.
Discussion about this post