മലപ്പുറം: ജില്ലയിൽ പെൻഷനുള്ള അവസരം നഷ്ടമായി കാൽലക്ഷത്തിലധികം പേർ. സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുവേണ്ടിയുള്ള മസ്റ്ററിംഗ് പൂർത്തിയാക്കാതിരുന്നതോടെയാണ് ഇവരുടെ ആനുകൂല്യം നഷ്ടമായത്. ഇതുവരെ 4,95,476 പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്.
5,31,423 പേരാണ് ജില്ലയിൽ പെൻഷൻ വാങ്ങുന്നത്. സെപ്തംബർ 30 ആയിരുന്നു ഇവർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കാനായി അനുവദിച്ചിരുന്ന കാലാവധി. എന്നാൽ നിശ്ചിത സമയപരിധിയ്ക്കുള്ളിൽ 35,947 പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയില്ല. ഇവർക്കാണ് പെൻഷൻ നഷ്ടമാകുക.
നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ജൂലൈ 31 നായിരുന്നു മസ്റ്ററിംഗ് പൂർത്തിയാക്കേണ്ട അവസാന തിയതി. എന്നാൽ ഇതിനുള്ളിൽ വലിയ വിഭാഗം ആളുകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് കാലാവധി സെപ്തംബർവരെ നീട്ടി നൽകിയത്.
ഒാഗസ്റ്റിലെ കണക്കുകൾ പ്രകാരം 63,789 പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ടായിരുന്നത്. ഇതിൽ പകുതിയോളം പേർ ആ മാസം നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ടായിരുന്നത് മലപ്പുറത്ത് ആയിരുന്നു.
Discussion about this post