ജൊഹന്നാസ്ബർഗ് : ബലാത്സംഗ കേസിൽ യുവാവിന് 42 ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ആണ് സംഭവം. 40കാരനായ എൻകോസിനാഥി ഫകത്തി എന്ന യുവാവിനാണ് 42 ജീവപര്യന്തം ശിക്ഷയായി ലഭിച്ചിരിക്കുന്നത്. 90 കേസുകളിൽ ആയാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ ബലാത്സംഗം ചെയ്ത കൊടും കുറ്റവാളിയാണ് എൻകോസിനാഥി ഫകത്തി.
2012 മുതൽ 2021 വരെയുള്ള ഒമ്പത് വർഷത്തിനുള്ളിൽ ആണ് ഇയാൾ ഈ കുറ്റകൃത്യങ്ങൾ എല്ലാം ചെയ്തത്. ഇലക്ട്രീഷ്യൻ ആയി ചമഞ്ഞ് വീടുകളിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നത്. ജൊഹന്നാസ്ബർഗിലെ എകുർഹുലേനി മേഖലയിലാണ് ഇയാൾ സ്ഥിരമായി കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.
ബലാത്സംഗ കേസുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകൽ, മോഷണം, ആക്രമണം എന്നീ കുറ്റകൃത്യങ്ങളിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീടുകളിൽ മറ്റാരുമില്ലാത്ത സമയം നോക്കി ഇലക്ട്രീഷൻ വേഷത്തിലെത്തുന്ന ഇയാൾ സ്ത്രീകളെ ക്രൂരമായി ആക്രമിച്ചു കീഴടക്കുകയും ബലാത്സംഗം ചെയ്യുകയും ആയിരുന്നു പതിവ്.
Discussion about this post