ന്യൂഡൽഹി: സ്വയംപര്യാപ്തയുടെ ചിറകിലേറി പ്രതിരോധ കുതിപ്പ് തുടർന്ന് ഭാരതം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമപ്രതിരോധ സംവിധാനം പരീക്ഷിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നിർമ്മാതാക്കൾ.
ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം ആയിരുന്നു വിജയകരമായി പൂർത്തിയാക്കിയത്. നാലാം തലമുറയിൽപ്പെടുന്ന ഈ സംവിധാനം രാജസ്ഥാനിലെ പൊഖ്രാനിൽ ആയിരുന്നു പരീക്ഷിച്ചത്. ലക്ഷ്യത്തെ കൃത്യമായി ഭേദിച്ചാണ് പ്രതിരോധ സംവിധാനം കരുത്ത് തെളിയിച്ചത് എന്ന് ഡിആർഡിഒ വ്യക്തമാക്കി. അതിവേഗത്തിൽ സഞ്ചരിക്കുന്ന ലക്ഷ്യം ഉപയോഗിച്ചായിരുന്നു ഈ സംവിധാനത്തിന്റെ പരീക്ഷണം. വ്യത്യസത തരത്തിൽ ഇവയെ ക്രമീകരിച്ചുകൊണ്ടായിരുന്നു വ്യോമപ്രതിരോധ സംവിധാനം പ്രയോഗിച്ചത്.
എടുത്ത് കൊണ്ട് നടക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് ഇത്. റിസർച്ച് സെന്റർ ഐമറാട്ട് ആണ് ഇതിന്റെ രൂപ കൽപ്പന നിർവ്വഹിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യോമപ്രതിരോധ സംവിധാനം ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കും. രാജ്യത്ത് ഉപയോഗിക്കുന്നതിന് പുറമേ ഈ വ്യോമ പ്രതിരോധ സംവിധാനം വിൽപ്പന നടത്താനും ആലോചനയുണ്ട്.
പരീക്ഷണം വിജയിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒയെ അഭിനന്ദിച്ചു. ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുണ്ടാക്കിയ പുതിയ സംവിധാനം കരസേനയ്ക്ക് കരുത്തേകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post