ആഫ്രിക്കയില്‍ സാധാരണയായി വരണ്ടുണങ്ങിയ ചൂടുള്ള കാലാവസ്ഥയാണ്. എന്നാല്‍ അവിടെ മഞ്ഞുപൊഴിഞ്ഞാലോ. ഈ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞയാഴ്ച്ചയിലുടനീടം അസാധാരണമായ കനത്ത മഞ്ഞുവീഴ്ച്ചയായിരുന്നു ഇവിടെ.
അസാധാരണമായ ഈ കാലാവസ്ഥ ദക്ഷിണാഫ്രിക്കയിലെ സിംഹങ്ങള്‍ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുന്നത്. ജിജി കണ്‍സര്‍വേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് സിംഹങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വനപ്രദേശത്ത് മഞ്ഞിനുള്ളിലൂടെ നടന്നു നീങ്ങുന്ന ധാരാളം സിംഹങ്ങളെ ദൃശ്യങ്ങളില്‍ കാണാം. തങ്ങള്‍ക്ക് അല്‍പ്പം പോലും പരിചിതമല്ലാത്ത കാലാവസ്ഥയായിട്ടു പോലും അതിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അവര്‍ വലിയ സന്തോഷത്തിലാണ്.
ജൂലൈ മാസത്തില്‍ പുലര്‍ച്ചെ സമയങ്ങളില്‍ ഇവിടെ താപനില മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാറുണ്ട്. ഇത്രയധികം തണുപ്പ് അനുഭവിച്ചിട്ടുള്ളത് കൊണ്ടാവാം സിംഹങ്ങളെ മഞ്ഞുവീഴ്ച കാര്യമായി ബാധിക്കാതിരുന്നത് എന്ന് നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല ഏത് സാഹചര്യങ്ങളിലും അതിജീവിക്കാനും പോരാടി നിലനില്‍ക്കാനും സിംഹങ്ങള്‍ക്ക് പ്രത്യേക ശക്തിയുണ്ടെന്നതിന്റെ തെളിവായി മഞ്ഞു വീഴ്ചയില്‍ പതറാതെയുള്ള ഇവയുടെ പെരുമാറ്റം കണക്കാക്കപ്പെടുന്നു.
തൂവെള്ള മഞ്ഞു പുതപ്പിന് മുകളിലൂടെ സിംഹങ്ങള്‍ നടന്നുവരുന്ന കാഴ്ച രാജകീയമാണെന്നും പലരും വിശേഷിപ്പിക്കുന്നുണ്ട്. അതേസമയം പുറമെ ഭാവ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും പരിചിതമല്ലാത്ത ഈ കാലാവസ്ഥ സിംഹങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല. എന്നാല്‍ ഈ കാലാവസ്ഥാമാറ്റത്തെ ഗൗരവമായി കാണണം എന്നാണ് ഗവേഷകരുടെ പക്ഷം.
Discussion about this post