ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ നിന്നും പൊട്ടിയ നിലയിൽ ലഗേജ് ബാഗ് ലഭിച്ചതിൽ പ്രതികരിച്ച് ഹോക്കി താരം. വനിതാ ഹോക്കി താരവും പത്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാലാണ് എയർ ഇന്ത്യക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിയപ്പോൾ തന്റെ ലഗേജ് ബാഗ് പൊട്ടിയ നിലയിലാണ് തിരികെ ലഭിച്ചതെന്ന് താരം പറയുന്നു. ‘ഈ അത്ഭുതപ്പെടുത്തുന്ന സർപ്രൈസ് നൽകിയതിന് എയർ ഇന്ത്യക്ക് നന്ദി. നിങ്ങളുടെ സ്റ്റാഫുകൾ ഞങ്ങളുടെ ബാഗുകളോട് ഇങ്ങനെയാണ് പെരുമാറുന്നത്.
കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെയെത്തി ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ എന്റെ ബാഗ് തകർന്ന നിലയിലാണ് കണ്ടത്’- റാണി രാംപാൽ എക്‌സിൽ കുറിച്ചു. ബാഗിന്റെ ചിത്രം പങ്കുവച്ചാണ് റാണി രാംപാൽ പോസ്റ്റിട്ടത്. സംഭവത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
Discussion about this post