സകലജീവരാശിയുടെയും നിലനിൽപ്പിന് ആധാരമാണ് മാതൃത്വം. ശാസ്ത്രം എത്ര വളർന്നുവെന്ന് പറഞ്ഞാലും ഗർഭപാത്രമില്ലാതെ മനുഷ്യരാശിയ്ക്ക് നിലനിൽപ്പില്ല. ഒമ്പത് മാസം ചുമന്ന് പ്രസവിക്കാൻ വാടകയ്ക്കാണെങ്കിൽ പോലും ഗർഭപാത്രം വേണം. അത് കൊണ്ടുതന്നെയാണ് മാതൃത്വം സ്ത്രീത്വത്തിന്റെ പൂർത്തീകരണമെന്ന് കവികൾ പാടിപ്പുകഴ്ത്തുന്നത്.
ഇപ്പോഴിതാ മനുഷ്യന്റെ ആദ്യകാല ജീവിത വികാസത്തെയും പ്രത്യുൽപാദന സാങ്കേതികവിദ്യകളെയും കുറിച്ചുള്ള നമ്മുടെ ധാരണയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള ഒരു ‘പോസ് ബട്ടണിൽ’ ശാസ്ത്രജ്ഞർ എത്തിനിൽക്കുകയാണ്. മനുഷ്യകുലത്തിന്റെ ഗർഭധാരണ സാധ്യതകളെ ഒരുപടികൂടി സൗകര്യവത്ക്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. സാധാരണയായി ചില സസ്തനികൾക്ക് പ്രകൃതി കനിഞ്ഞു നൽകിയ സൗകര്യം മനുഷ്യനിൽകൂടി എത്തിച്ച് ഗർഭകാല സങ്കീർണതകളെ കുറയ്ക്കുകയും ശാസ്ത്രജ്ഞരുടെ മനസിലുണ്ട്.
സസ്തനികളിൽ ചിലതിന് അമ്മയുടെയും ഭ്രൂണത്തിന്റെയും അതിജീവന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് അവയുടെ ഭ്രൂണ വികസന സമയം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ശാസ്ത്രീയ പദങ്ങളിൽ, ഈ പ്രതിഭാസത്തെ ‘ഭ്രൂണ ഡയപോസ്’ എന്ന് വിളിക്കുന്നു. കൗതുകകരമായ ഈ സംഭവം സാധാരണയായി സംഭവിക്കുന്നത് ഭ്രൂണം ഗർഭാശയത്തിലേക്ക് ഇംപ്ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തിലാണ്. തത്ഫലമായി, ഭ്രൂണം സ്വതന്ത്രമായി നിൽക്കുന്നു, ഇതോടെ ഗർഭകാലം നീണ്ടുനിൽക്കുന്നു. സാഹചര്യങ്ങൾ അനുകൂലം ആയിരിക്കുമ്പോൾ, ഭ്രൂണം വികസിക്കാൻ തുടങ്ങുന്നു. അതായത് ബീജസങ്കലം ചെയ്ത ഭ്രൂണം ഗർഭാശയ ഭിത്തികളിൽ സ്ഥാപിക്കുന്നത് താത്ക്കാലികമായി നിർത്തിവച്ച്, സാഹചര്യം അനുകൂലമാകുമ്പോൾ ഗർഭാവസ്ഥ പുനരാരംഭിക്കാം.
ഈ അവസ്ഥയോടെ് മനുഷ്യകോശങ്ങൾക്ക് പ്രതികരിക്കാൻ കഴിയുമോ എന്നത് ഒരു നിഗൂഢതയായി തുടരുകയായിരുന്നു. ഇതിനാണ് ശാസ്ത്രജ്ഞർ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. ഒരു പുതിയ പഠനത്തിൽ, ഭ്രൂണത്തിന്റെ ഡയപോസിനെ നിയന്ത്രിക്കുന്ന തന്മാത്രാ സംവിധാനങ്ങൾ മനുഷ്യകോശങ്ങളിലും പ്രവർത്തനക്ഷമമാണെന്ന് വിദഗ്ധർ കണ്ടെത്തി. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോളിക്യുലാർ ജനറ്റിക്സിലെ ഐഡാൻ ബുലട്ട്-കാർസ്ലിയോഗ്ലുവിന്റെയും ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോടെക്നോളജിയിലെ (ഐഎംബിഎ) നിക്കോളാസ് റിവ്റോണിന്റെയും ലാബിലാണ് ഗവേഷണം നടത്തിയത്.
സംഭവം പഠനവിധേയമാക്കിയെങ്കിലും മനുഷ്യഭ്രൂണങ്ങളിൽ ഈ പരീക്ഷണം ഇത് വരെ നടത്തിയിട്ടില്ല. പകരം അവർ സ്റ്റെം സെല്ലുകളും ബ്ലാസ്റ്റോയിഡുകൾ എന്ന പേരിലുള്ള സ്റ്റെം സെൽ അടിസ്ഥാനമാക്കിയുള്ള ബ്ലാസ്റ്റോസിസ്റ്റ് മോഡലുകളും ഉപയോഗിച്ചു.
മനുഷ്യ കോശങ്ങളിൽ ഡയപോസ് പോലുള്ള അവസ്ഥകളെ പ്രേരിപ്പിക്കുന്ന കണ്ടെത്തൽ പ്രത്യുൽപാദന സാങ്കേതിക പുരോഗതിക്ക് പുതിയ വഴികളാണ് തുറക്കുന്നത്. ഈ വിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ ശാസ്ത്രജ്ഞർ ഭ്രൂണ ഇംപ്ലാന്റേഷന്റെ സമയം നിയന്ത്രിക്കാൻ ആരംഭിക്കും. ഇത് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) പോലുള്ള സഹായകരമായ പ്രത്യുൽപാദന സാങ്കേതികവിദ്യകൾക്ക് സഹായകരമാകും. ഇത് ഏറ്റവും അനുകൂലമായ സമയത്ത് ഭ്രൂണങ്ങൾ ഇംപ്ലാന്റ് ചെയ്യുന്നതിലൂടെ ഇംപ്ലാന്റേഷൻ വിജയ നിരക്ക് വർദ്ധിപ്പിക്കും, അങ്ങനെ ഗർഭധാരണ ഫലങ്ങൾ വർദ്ധിപ്പിക്കും. കൂടാതെ, ഭ്രൂണ വികസനം നിയന്ത്രിക്കുന്നതിനുള്ള ഈ കണ്ടെത്തൽ, പ്രത്യുൽപാദന ആരോഗ്യത്തെ ബാധിക്കുന്ന ചികിത്സകൾ ആവശ്യമായി വന്നേക്കാവുന്ന, പ്രത്യേകിച്ച് കാൻസർ രോഗികളിൽ പരിഗണിക്കാവുന്ന വിഷയമാണ്.
Discussion about this post