ഏത് സർക്കാരിന്റെ കാലത്തും ഫോൺ ചോർത്തൽ വിവാദങ്ങൾ സാധാരണമാണ് . എതിർ രാഷ്ട്രീയക്കാരുടെയും മറ്റ് ഉന്നത വ്യക്തികളുടേയും ഫോണുകൾ ചോർത്തുന്നു എന്ന ആരോപണമുന്നയിച്ച് നിരവധി കോലാഹലങ്ങളും അരങ്ങേറാറുണ്ട്. ഈയിടെയായി ഒരു എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും കത്തുന്നതിനിടെയാണ് ഫോൺ ചോർത്തലിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ നിയമസഭയിലൂടെ പുറത്തുവന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി അനുസരിച്ച് ഫോൺ ചോർത്തുന്നതിന് വിശദമായ നടപടി ക്രമങ്ങൾ ആവശ്യമാണ്. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ ആക്ട് 2023 – സെക്ഷൻ 20 , ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 സെക്ഷൻ 5 (2) , ഇന്ത്യൻ ടെലഗ്രാഫ് റൂൾസ് 2007 സെക്ഷൻ 419 ( A ), ഇൻഫർമേഷൻ ടെക്നോളകി ആക്ട് 2000 ( ഭേദഗതി 2008 ) സെക്ഷൻ 69 എന്നിവ പ്രകാരം ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനുമാണ് ഫോൺ ചോർത്താനുള്ള അനുമതി നൽകാൻ കഴിയുന്നത്.
പൊതു അടിയന്തിരാവസ്ഥ, പൊതു സുരക്ഷയുടെ താത്പര്യം, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം എന്നിവയെ ബാധിക്കുന്ന സംഭവത്തിലോ അല്ലെങ്കിൽ ഒരു കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിനു വേണ്ടിയോ അതുമായി ബന്ധപ്പെട്ട വ്യക്തിയുടേയോ വ്യക്തികളുടേയോ ഫോൺ സന്ദേശങ്ങൾ നിരീക്ഷിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരിന് അനുമതി നൽകാൻ കഴിയുന്നതാണ്. മേൽ പറഞ്ഞ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളുടെ വിശദ വിവരങ്ങൾ ശേഖരിച്ച് നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ സംസ്ഥാന സർക്കാരിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ച് അനുവാദം വാങ്ങിയ ശേഷമേ നിരീക്ഷണം നടത്താൻ കഴിയുകയുള്ളൂ.
അടിയന്തിര സാഹചര്യങ്ങളിൽ വ്യക്തിയുടെ/ വ്യക്തികളുടെ ഫോൺ സംഭാഷണങ്ങൾ പോലീസ് ഇൻസ്പെക്ടർ ജനറൽ തസ്തികയിൽ കുറയാത്ത ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ അനുമതിയോടെയും നിരീക്ഷിക്കാവുന്നതാണ്. എന്നാൽ ഇത് ഏഴു ദിവസത്തേക്ക് മാത്രമേ കഴിയുകയുള്ളൂ. അത്തരം ശുപാർശകൾ അടുത്ത ഏഴു ദിവസത്തിനകം നേരത്തെ പറഞ്ഞതുപോലെ നടപടിക്രമങ്ങൾ നടത്തി അനുമതി വാങ്ങേണ്ടതാണ്. നിയമ വിരുദ്ധമായി ഫോൺ സംഭാഷണം ചോർത്തുന്നത് ടെലി കമ്യൂണിക്കേഷൻ ആക്ട് 2023 സെക്ഷൻ 42 (2) (a) (b) പ്രകാരം മൂന്നുവർഷം വരെ തടവ് ശിക്ഷയോ രണ്ടു കോടി രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
Discussion about this post