തിരുവനന്തപുരം : ബി അശോക് ഐഎഎസിനെ സ്ഥലം മാറ്റിയ സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. കഴിഞ്ഞ ദിവസമാണ് പിണറായി സർക്കാർ ബി അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയിരുന്നത്.
സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് പിണറായി സർക്കാർ ബി അശോകിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയിരുന്നു. അന്നും സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. അതിന് പിന്നാലെ ബി അശോക് അവധി അവസാനിപ്പിച്ച് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റു. എന്നാൽ ദിവസങ്ങള്‍ക്കുള്ളിലാണ് സർക്കാർ അദ്ദേഹത്തെ വീണ്ടും സ്ഥലം മാറ്റിയിരിക്കുന്നത്.
കേരഫെഡ് പദ്ധതിക്കുള്ള ലോകബാങ്കിന്‍റെ വായ്പ വകമാറ്റിയതുമായി ബന്ധപ്പെട്ട ചില ഫയലുകൾ പുറത്ത് വന്നതിന്‍റെ പേരിലായിരുന്നു നേരത്തെ ബി അശോകിനെ പിണറായി സർക്കാർ സ്ഥലം മാറ്റിയത് എന്നാണ് ആരോപണം ഉയരുന്നത്. കേര പദ്ധതിക്കായി കൃഷി വകുപ്പിനു ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതിന്റെ രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ അശോകിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ കൃഷി വകുപ്പിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ശേഖരിച്ചതെങ്ങനെയെന്ന് അശോക് റിപ്പോര്‍ട്ടില്‍ ചോദ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി സർക്കാർ അദ്ദേഹത്തിനെ സ്ഥലം മാറ്റിയത്.
Discussion about this post