ലഖ്‌നൗ : ഉത്തർപ്രദേശിൽ പശുക്കടത്തുകാരുടെ ആക്രമണത്തിൽ വിദ്യാർത്ഥി മരിച്ചു. ഗോരഖ്പൂരിൽ ആണ് സംഭവം നടന്നത്. അർദ്ധരാത്രിയിൽ ഗ്രാമത്തിൽ എത്തിയ പശു കള്ളക്കടത്ത് സംഘം പശുക്കളെ മോഷ്ടിക്കുന്നത് തടയാൻ ശ്രമിച്ച 19 വയസ്സുകാരനായ വിദ്യാർത്ഥിയെ ആണ് അടിച്ചുകൊന്നത്. നീറ്റ് വിദ്യാർത്ഥിയായ ദീപക് ഗുപ്ത ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
പശു കടത്തുകാരുടെ ഈ ക്രൂരതയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. വിദ്യാർത്ഥിയുടെ കൊലപാതകം ഗ്രാമവാസികൾക്കിടയിൽ വ്യാപകമായ രോഷത്തിനും പ്രതിഷേധത്തിനും കാരണമായി. റോഡ് ഉപരോധിച്ച നാട്ടുകാർ പോലീസിനെതിരെയും ആക്രമണം അഴിച്ചുവിട്ടു.
ചൊവ്വാഴ്ച പുലർച്ചെയാണ് കന്നുകാലി കള്ളക്കടത്ത് സംഘം ഗോരഖ്പൂരിൽ എത്തിയത്. മൂന്നു വാഹനങ്ങളിൽ ആയാണ് സംഘം ഗ്രാമത്തിൽ എത്തിയത്. ഇവർ വീടുകളിൽ കെട്ടിയിട്ടിരുന്ന കന്നുകാലികളെ കയർ അഴിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആണ് 19 കാരനായ ദീപക് ഗുപ്ത ബഹളം വയ്ക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തത്. ഇതോടെ പശുക്കടത്തുകാർ ദീപക്കിനെ ക്രൂരമായി മർദ്ദിച്ച് കൊല്ലുകയായിരുന്നു.
Discussion about this post