സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി സമസ്ത. കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെയാണ് പുറത്താക്കിയത്. മന്ത്രിമാര്‍ക്ക് ‘വൈഫ് ഇന്‍ ചാര്‍ജു’മാരുണ്ടെന്ന നദ്‌വിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തില്‍ നദ്‌വിയെ ‘പണ്ഡിതവേഷം ധരിച്ച നാറി’ എന്ന് വിശേഷിപ്പിച്ചതിനാണ് നടപടി. 13 അംഗ കമ്മിറ്റിയില്‍ നിന്നാണ് ഹക്കീലിനെ പുറത്താക്കിയത്.
മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു സമസ്ത മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി വിവാദ പരാമര്‍ശം നടത്തിയത്. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്വി പറഞ്ഞത്. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്വി പറഞ്ഞിരുന്നു.
‘കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ അമ്മയെ കെട്ടിച്ചത് 11-ാം വയസിലാണ്. പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകണ്ട. ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യയെ ഉണ്ടാകൂ. പക്ഷെ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന പേര് പറയില്ലെന്ന് മാത്രം. അങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകള്‍ ഉണ്ടാകും’, എന്നാണ് നദ്വി പറഞ്ഞത്.
Discussion about this post