ബെംഗളൂരു : കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി കർണാടക ഹൈക്കോടതി. മാലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ വൈ നഞ്ചെഗൗഡയുടെ തിരഞ്ഞെടുപ്പ് വിജയമാണ് ചൊവ്വാഴ്ച കർണാടക ഹൈക്കോടതി അസാധുവാക്കിയത്. വീണ്ടും വോട്ടെണ്ണൽ നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്
മാലൂർ മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്തി നാല് ആഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപിക്കാൻ ആണ് കർണാടക ഹൈക്കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി കെ.എസ്. മഞ്ജുനാഥ് ഗൗഡ സമർപ്പിച്ച ഹർജിയിലാണ് കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. വോട്ടെണ്ണൽ പ്രക്രിയയിൽ ക്രമക്കേടുകളും വീഴ്ചകളും ഉണ്ടെന്നായിരുന്നു ബിജെപി സ്ഥാനാർത്ഥി ഹർജിയിൽ സൂചിപ്പിച്ചിരുന്നത്.
വോട്ടെണ്ണൽ പ്രക്രിയയുടെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് സുരക്ഷിതമാക്കിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ മുൻ കോലാർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ വെങ്കടരാജുവിനോട് കോടതി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കണമെന്നും കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസ് എംഎൽഎക്ക് സുപ്രീംകോടതിയെ സമീപിക്കാൻ 30 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.
Discussion about this post