ജറുസലേം : ഗാസ മുനമ്പിനുശേഷം ഇപ്പോൾ ഗാസ നഗരം ലക്ഷ്യം വെച്ചിരിക്കുകയാണ് ഇസ്രായേൽ. ഗാസ നഗരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ കര ആക്രമണം ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗാസ നഗരത്തിലെ ജനങ്ങളോട് മേഖലയിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പുകൾ നൽകിയിരുന്നു.
നിലവിൽ കര ആക്രമണത്തിന്റെ പ്രധാന ഘട്ടം ആരംഭിച്ചതായി മുതിർന്ന ഐഡിഎഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഗാസ നഗരത്തെ ലക്ഷ്യമാക്കി വായുവിൽ നിന്നും കടലിൽ നിന്നും കരയിൽ നിന്നും ഇസ്രായേൽ ആക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാസ നഗരത്തിൽ ഇപ്പോഴും 3,000 ഹമാസ് ഭീകരർ ഒളിവിൽ കഴിയുന്നുണ്ട് എന്നാണ് ഇസ്രായേൽ പ്രതിരോധ സേന അറിയിക്കുന്നത്. പലായനം ചെയ്യുന്ന പലസ്തീനികളുടെ നീണ്ട നിരകൾ ആണ് ഇപ്പോൾ ഗാസ നഗരത്തിൽ കാണാൻ കഴിയുന്നത്. രണ്ടുവർഷത്തോളമായി തുടരുന്ന യുദ്ധത്തിനിടയിൽ ഗാസ നഗരത്തിൽ ആദ്യമായാണ് ഇസ്രായേൽ ഇത്രയും വലിയ ആക്രമണങ്ങൾ നടത്തുന്നത്.
കരസേന നഗരത്തിലേക്ക് കൂടുതൽ ആഴത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ സൈനികരുടെ എണ്ണം വർദ്ധിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കുന്നു. ഗാസ നഗരത്തിന്റെ നിയന്ത്രണവും പിടിച്ചെടുക്കുമെന്നും ഇസ്രായേൽ ഭാവിയിൽ വെസ്റ്റ് ബാങ്കിലേക്കും പരമാധികാരം വ്യാപിപ്പിച്ചേക്കാമെന്നും നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചിപ്പിച്ചിരുന്നു.
Discussion about this post