ഇസ്ലാമാബാദ് : ഇന്ത്യ-പാക് സംഘർഷം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചത് എന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടർച്ചയായി അവകാശവാദം ഉന്നയിച്ചിരുന്നു. തുടക്കം മുതൽ തന്നെ ഇന്ത്യ ട്രംപിന്റെ അവകാശവാദങ്ങൾ തള്ളുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ പാകിസ്താൻ തന്നെ ഔദ്യോഗികമായി ട്രംപിനെ തള്ളി പറഞ്ഞിരിക്കുകയാണ്. ഇന്ത്യ-പാക് സംഘർഷത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദാർ ആണ് വെളിപ്പെടുത്തിയത്.
വെടിനിർത്തൽ ചർച്ചകളിൽ ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷി മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ സമ്മതിച്ചു. യുഎസ് വിഷയത്തിൽ ഇടപെടാം എന്ന് പാകിസ്താന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വിഷയം ഉഭയകക്ഷിപരമായി തുടരണമെന്ന് ഇന്ത്യ നിർബന്ധിച്ചു. ഒരു മൂന്നാംകക്ഷിയുടെയും ഇടപെടൽ ഇല്ലാതെയാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാറിൽ എത്തിയത് എന്നും അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇഷാഖ് ദാർ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമായതിനാൽ വെടിനിർത്തലിനായി മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പാകിസ്താനെ അറിയിച്ചിരുന്നതായും ഇഷാഖ് ദാർ അൽ ജസീറയോട് വെളിപ്പെടുത്തി. “മൂന്നാം കക്ഷി മധ്യസ്ഥതയിൽ പാകിസ്താന് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യ അതിന് വഴങ്ങിയില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഞങ്ങൾക്ക് അതിന് നിർബന്ധിക്കാൻ കഴിയില്ല” എന്നും പാകിസ്താൻ ഉപ പ്രധാനമന്ത്രി കൂടിയായ ഇഷാഖ് ദാർ വ്യക്തമാക്കി.
Discussion about this post