ആലുവ: പിതൃപുണ്യത്തിന്റെ നിറവില്‍ ആലുവ മഹാശിവരാത്രി ഭക്തി നിര്‍ഭരമായി. പെരിയാറിന്റെ ഓളപ്പരപ്പില്‍ മുങ്ങി നിവര്‍ന്ന് പതിനായിരങ്ങള്‍ പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം ചെയ്തു മടങ്ങി. പതിവിലും തിരക്കായിരുന്നു ഇത്തവണ ആലുവ മണപ്പുറത്ത്.
പെരിയാറിന്റെ തീരത്ത് ഒരുക്കിയ ബലിപ്പുരകളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പതിനായിരങ്ങള്‍ പിതൃമോക്ഷത്തിനായുള്ള മന്ത്രങ്ങള്‍ ഉരുവിട്ട് തര്‍പ്പണം ചെയ്തു.
കുംഭമാസത്തിലെ കറുത്തവാവിന് മണ്മറഞ്ഞ പിതൃക്കളുടെ പാപമുക്തിക്കും സായൂജ്യത്തിനുമായി ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം ചെയ്യുന്നത് വിശിഷ്ടമാണെന്നാണ് വിശ്വാസം. മണപ്പുറത്ത് മഹാദേവക്ഷേത്രത്തിനു സമീപത്തെ കുളിക്കടവുകളും പുഴയ്ക്കക്കരെ അദൈ്വതാശ്രമക്കടവിലെ സ്നാനഘട്ടങ്ങളും തര്‍പ്പണം ചെയ്യാനെത്തിയ ഭക്തജനങ്ങളുടെ ഇടതടവില്ലാത്ത തിരക്കിലാണ്. ഇന്ന് ഉച്ചയ്ക്കു രണ്ടു മണി വരെ പിതൃതര്‍പ്പണം നടക്കും. ഇക്കുറി ശിവരാത്രി നാളില്‍ ഒരു നാഴികയാണു കറുത്ത വാവ്.
ഇന്ന് പുലര്‍ച്ചെ നാലിനു നട തുറന്നതോടെ ആലുവാപുഴയുടെ ഇരുകരകളിലുമുള്ള ബലിപ്പുരകളില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു. ശിവപഞ്ചാക്ഷരീമന്ത്രം ഉരുവിട്ടു മണപ്പുറത്തു രാത്രി മുഴുവന്‍ വ്രതമെടുത്ത് ഉറക്കമിളിച്ചിരുന്ന വിശ്വാസികള്‍ തര്‍പ്പണത്തിനായി പുഴക്കരയിലേക്കു നീങ്ങി. തിരുവിതാംകൂര്‍ ദേവസ്വം വക ഇരുന്നൂറോളം വരുന്ന ബലിപ്പുരകളിലും പുഴയ്ക്കക്കരെയുള്ള അദൈ്വതാശ്രമബലിത്തറകളിലും രാവിലെയും തിരക്കു തുടരുകയാണ്. ആശ്രമക്കടവില് ഒരേസമയം 2,500 പേര്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആലുവ മണപ്പുറം മഹാദേവക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യം നമ്പൂതിരിയും തന്ത്രി ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന് നമ്പൂതിരിയും അനുഷ്ഠാനങ്ങള്‍ക്കു വൈദികരായി. അദൈ്വതാശ്രമത്തിലെ ബലിതറകളില്‍ ജയന്തന്ശാന്തി, മധുശാന്തി, ദിലീപ്ശാന്തി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് വൈദിക നേതൃത്വം നല്കി.
തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി ഭക്തജനങ്ങള്‍ക്കു മണപ്പുറത്തു സൗജന്യ കഞ്ഞിവിതരണവും ഉപ്പുമാവും കടലക്കറി ദാനവും നടത്തി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും ഭക്തജനങ്ങള്‍ക്കായി മണപ്പുറത്ത് ഒരുക്കിയിരുന്നു. കനത്ത സുരക്ഷസംവിധാനവും ഒരുക്കിയിട്ടുണ്ട്
Discussion about this post