സ്റ്റോക്ഹോം : വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റൂവ്കുനും ആണ് ഈ വർഷത്തെ പുരസ്‌കാര ജേതാക്കൾ. മൈക്രോആർഎൻഎയുടെ കണ്ടുപിടിത്തത്തിനും ജീൻ നിയന്ത്രണത്തിൽ അതിൻ്റെ പങ്കിനുമാണ് പുരസ്‌കാരം.
2024 ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം യുഎസ് ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റൂവ്കുനും നേടിയതായി നൊബേൽ അസംബ്ലിയാണ് തിങ്കളാഴ്ച അറിയിച്ചത് . ജീൻ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പുതിയ തരം ചെറിയ ആർഎൻഎ തന്മാത്രകൾ കണ്ടെത്തിയതാണ് യുഎസ് ശാസ്ത്രജ്ഞരെ പുരസ്കാര നേട്ടത്തിലേക്ക് നയിച്ചത്.
സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ നോബൽ അസംബ്ലിയാണ് വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 1.1 ദശലക്ഷം ഡോളർ ആണ് പുരസ്‌കാര ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുക. സ്വീഡിഷ് ശാസ്ത്രജ്ഞനും വ്യവസായിയുമായ ആൽഫ്രഡ് നോബലിൻ്റെ പേരിൽ നൽകപ്പെടുന്ന നോബൽ പുരസ്‌കാരംങ്ങൾ 1901 മുതൽ നൽകിവരുന്നതാണ്. ശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയിലെ പുരസ്കാരങ്ങൾ ആയി ആരംഭിച്ച നോബലിൽ പിന്നീട് സാമ്പത്തിക ശാസ്ത്രവും ഉൾപ്പെടുത്തി.
Discussion about this post