ഇസ്രായേലില്‍ ഹമാസ് നടത്തിയ കൂട്ടക്കുരുതിയ്ക്ക് ഇന്ന് ഒരുവയസ്സ് തികയുകയാണ്. 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി സമര്‍പ്പിച്ച് ഉന്നത നേതാക്കള്‍ രംഗത്തുവന്നു. ഒന്നാം വാര്‍ഷികത്തില്‍ ഇസ്രായേലിലുടനീളം നിരവധി പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും ജനം തെരുവിലിറങ്ങി. 1200 പേരുടെ ജീവനെടുത്ത ഹമാസ് ആക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ മൗനപ്രാര്‍ത്ഥനയോടെ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗിക അനുസ്മരണ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. നമ്മളിപ്പോഴും വേദനയിലാണ്. നമ്മളെ വിഷാദത്തിലാക്കിയ ക്രൂരമായ ആക്രമണത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് രാജ്യത്തെ ജനം,” പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
”തകര്‍ന്നുപോയതെല്ലാം പുനര്‍നിര്‍മ്മിക്കുമെന്ന് നിങ്ങള്‍ക്ക് വാക്കുനല്‍കുന്നു. ബന്ദികളായ നമ്മുടെ പൗരന്‍മാര്‍ നാട്ടിലേക്ക് എത്തുന്നതോടെ മാത്രമെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുകയുള്ളു,” അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഒക്ടോബര്‍ 7ന് നടന്ന ഹമാസ് ആക്രമണത്തിന്റെ ഇതുവരെ വന്നിട്ടില്ലാത്ത വീഡിയോ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ടു. പോലീസ് സ്റ്റേഷന്‍ ഹമാസ് ഭീകരര്‍ ആക്രമിക്കുന്നതും ശേഷം നിരവധി ഉദ്യോഗസ്ഥരെ ക്രൂരമായി കൊല്ലുന്ന വീഡിയോയാണ് ഇസ്രായേല്‍ പുറത്തുവിട്ടത്. 401-ാം ആര്‍മേര്‍ഡ് ബ്രിഗേഡിന്റെ അന്നത്തെ കമാന്‍ഡറായിരുന്ന കേണല്‍ ബെന്നി അഹറോണാണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1205 ഇസ്രായേല്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍ .
Discussion about this post