എത്ര കിട്ടും..? എതൊരു വാഹനം വാങ്ങാൻ പോകുന്നതിന് മുൻപും നമ്മൾ അന്വേഷിക്കുന്ന കാര്യമാണ് വാഹനത്തിന് എത്ര മൈലേജ് കിട്ടുമെന്ന്. ഇന്ധനവിലയും മറ്റും മൈലേജിനെ കുറിച്ചുള്ള ചോദ്യം ചോദിക്കാൻ നമ്മളെ നിർബന്ധിതരാക്കുന്നു. കൂട്ടത്തിൽ ഏറ്റവും മൈലേജുള്ള വാഹനം നോക്കിയാണ് സാധാരണക്കാരായ നമ്മളധികവും വാങ്ങുന്നത്. പക്ഷേ പുതുമ മാറിയതിനൊപ്പം വാങ്ങിയ വണ്ടിയുടെ മൈലേജും കുറഞ്ഞെന്ന പരാതിയാണോ നിങ്ങൾക്ക്?
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഹനത്തിന്റെ മൈലേജ് വർദ്ധിപ്പിക്കാം. മണിക്കൂറിൽ 60-80 കിലോമീറ്ററുകൾക്കുള്ളിലാണ് മിക്ക കാറുകളും മികച്ച ഇന്ധനക്ഷമത നൽകുന്നത്. ഇതിനെക്കാൾ വളരെ കൂടുതലോ വളരെ കുറവോ വേഗതയിൽ കാറോടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്ന്.
നല്ല രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു കാർ സാധാരണ സർവീസിംഗിലൂടെ കടന്നുപോകുന്നത്, സർവീസ് ചെയ്യാത്ത കാറുകളെ അപേക്ഷിച്ച് 40% കുറവ് ഇന്ധനമാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ എഞ്ചിൻ ഓയിൽ, തടഞ്ഞ ഫിൽട്ടറുകൾ തുടങ്ങിയ ഘടകങ്ങൾ ഇന്ധന ഉപഭോഗവും വർദ്ധിപ്പിക്കുന്നു.പെട്ടെന്നുള്ള ആകിസലറേഷൻ, ബ്രേക്കിങ് എന്നിവ പാടില്ല. സഡൻ ബ്രേക്കുകളും ആക്‌സിലറേഷനും മൈലേജിനെ പ്രതികൂലമായി ബാധിക്കും. നിർത്തേണ്ട ഇടത്തിനു കുറച്ചു ദൂരം മുൻപെങ്കിലും വേഗം കുറച്ച് ക്രമാനുഗതമായി ബ്രേക്ക് ചവിട്ടുകയാണു വേണ്ടത്. 2000 ആർപിഎം കവിയാതെ നിലനിർത്തുന്നതിലൂടെ ഇന്ധനം കത്തൽ കുറയ്ക്കാം.
ഏറ്റവും അനുയോജ്യമായ അളവിൽ ടയറിൽ മർദമുണ്ടെങ്കിൽ അത് കാറിന്റെ സുരക്ഷയ്ക്കു മാത്രമല്ല ഇന്ധനക്ഷമത ഉറപ്പിക്കാനും സഹായിക്കും. ടയറിലെ പ്രഷറിൽ വ്യത്യാസമുണ്ടെങ്കിൽ അത് ഇന്ധനക്ഷമത കുറയ്ക്കും. കാർ നിർമാണ കമ്പനികൾ പറയുന്ന ടയർ പ്രഷറിനേക്കാൾ കൂടുതൽ വയ്ക്കുന്ന പതിവ് ചിലർക്കുണ്ട്. ഇതും ഇന്ധനക്ഷമതയെ ബാധിക്കും.ഒരു മിനിറ്റിൽ താഴെ സമയം നിർത്തിയിടേണ്ടി വന്നാൽ കാർ ഓഫ് ആക്കരുത്. വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ കൂടുതൽ ഇന്ധനം കത്തും എന്നതാണ് കാര്യം. എന്നാൽ ഏറെ നേരം ന്യൂട്രലിലോ ക്ലച്ചിലോ വണ്ടി ഓൺ ചെയ്തു നിർത്തുന്നതും മൈലേജ് കുറയ്ക്കും
ഉയർന്ന ഗിയർനിലകളിൽ മൈലേജ് കൂടുതൽ ലഭിക്കുന്നു എന്നതിനാൽ ഫസ്റ്റ് ഗിയർ ഒട്ടും ഉപയോഗിക്കാതിരിക്കുന്നവരുണ്ട്. വലിയ സ്പീഡ് ബ്രേക്കറുകളോ കുന്നുകളോ വരുമ്പോഴും ഉയർന്ന ഗിയറിൽ നിന്ന് ഡൗൺഷിഫ്റ്റ് ചെയ്യാൻ ഇവർ തയ്യാറാവില്ല. ഇത് ശരിക്കും അബദ്ധമാണ്.എസി ഉപയോഗം മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ധാരാളം വൈദ്യുതിയും ഇന്ധനവും ഇതിനുവേണ്ടി കത്തുന്നു. കാലാവസ്ഥ അനുയോജ്യമെങ്കിൽ എസി ഉപയോഗിക്കാതിരിക്കുക
വിൻഡോകൾ താഴ്ത്തി, ഉയർന്ന വേഗതയിൽ പായുകയാണെങ്കിൽ കാറിന്റെ എയ്‌റോഡൈനമിക് ഡ്രാഗ് അഥവാ കാറ്റിനെ മുറിച്ചുകടക്കാനുള്ള ശേഷി കുറയുന്നു. ഇതും ഇന്ധനക്ഷമത കുറയ്ക്കുന്ന ഘടകമാണ്.കാറിൽ ആവശ്യത്തിലധികം ലഗേജുകൾ കുത്തിനിറയ്ക്കുന്നതും മൈലേജ് കുത്തനെ കുറയ്ക്കും. എയർ ഫിൽറ്റർ, സ്പാർക്ക് പ്ലഗ്, ഓയിൽ ഫിൽറ്റർ, ഇൻജക്റ്ററുകൾ എന്നിവ വൃത്തിയാക്കി വയ്ക്കുക.
Discussion about this post