കൊച്ചി: പ്രമുഖ ചാനലിന്റെ സണ്ണി ലിയോണി പങ്കെടുത്ത പരിപാടി താരത്തെ അപമാനിക്കുന്ന രീതിയിലുള്ളതായിരുന്നുവെന്ന് ആരാധകർ. പേട്ടറാപ്പ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പരിപാടിക്കെത്തിയ താരത്തെ അപമാനിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. ഡബിൾ മീനിംഗ് ഡയലോഗുകളും മറ്റും കുത്തിനിറച്ച പരിപാടിയായിരുന്നുവെന്ന് ആരാധകർ പറയുന്നു.
സോഷ്യൽമീഡിയയിലൂടെ ശ്രീനാഥ് സദാനന്ദൻ പങ്കുവച്ച കുറിപ്പും ചർച്ചയാവുന്നുണ്ട്.
ഓണത്തിന് ഫ്ലവേഴ്സ് ചാനലിൽ കാണിച്ച ഒരു പ്രോഗ്രാമിന്റെ റീൽ ഫേസ്ബുക്കിൽ കണ്ടിരുന്നു. സണ്ണി ലിയോൺ ഗസ്റ്റ് ആയിട്ട് വന്ന പ്രോഗ്രാം ആയിരുന്നു. റീല് കണ്ടപ്പോൾ തന്നെ അത് ശരിയല്ലല്ലോ എന്നൊരു തോന്നൽ ഉണ്ടായി. അതിനു താഴെ ഉണ്ടായിരുന്ന കമന്റുകളും ഏകദേശം എന്റെ അഭിപ്രായത്തോട് യോജിക്കുന്നതായിരുന്നു. തുടർന്ന് യൂട്യൂബിലെ ലിങ്ക് എടുത്ത് ഒന്ന് നോക്കി.ഒന്നാമത്തെ കാര്യം…നമ്മളെ നോക്കി ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ചിരിക്കുമ്പോൾ അവരുടെ ഭാഷ നമുക്കറിയില്ലെങ്കിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി. അവർ അവിടെ അതും കേട്ട് ചിരിച്ചു നിന്നു. നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ അവരെക്കുറിച്ച് എന്തൊക്കെയോ ഡബിൾ മീനിങ് കമന്റ് പറയുന്നു ചിരിക്കുന്നു ആസ്വദിക്കുന്നു. ചാനലിൽ സംപ്രേക്ഷണം ചെയ്ത സമയത്ത് ആയിരിക്കും, ചിലയിടങ്ങളിൽ ആവശ്യത്തിന് മ്യൂസിക് ചേർത്ത് ഈ ഡയലോഗുകൾ പൊലിപ്പിച്ചത്.
പോൺ ചിത്രങ്ങളിൽ നിന്ന് ഹിന്ദി സിനിമയിലേക്ക് വന്ന ആളാണ് സണ്ണി ലിയോൺ. അങ്ങനെ ഒരു വാർത്തയോ അല്ലെങ്കിൽ ആ വിഷയത്തെക്കുറിച്ചുള്ള പരാമർശമോ ഒക്കെ ഒരു കാലം കഴിഞ്ഞ് അപ്രസക്തമാകേണ്ടതല്ലേ.. എന്റെ അഭിപ്രായത്തിൽ അതൊക്കെ ഒരു പത്തുവർഷം മുമ്പ് തന്നെ തീർന്നതാണ്. ഈ പരിപാടിയിൽ ഇവരുടെകാട്ടിക്കൂട്ടലുകൾ കണ്ടാൽ തോന്നും സണ്ണി ലിയോണിന്റെ പൂർവകാലം ഇവര് കഴിഞ്ഞ ആഴ്ച ആണ് അറിഞ്ഞതെന്ന്. അത് പ്രേക്ഷകരേ അറിയിക്കാൻ പാടുപെടും പോലെ ഉണ്ടായിരുന്നു..
സുന്ദരിക്ക് പൊട്ടു കുത്തുന്ന മത്സരത്തിൽ ഒക്കെ ഡബിൾ മീനിങ്ങിന്റെ അകമ്പടിയോടെ ഈ പുരുഷന്മാരുടെ ഇടയിൽ സണ്ണി ലിയോൺ പങ്കാളിയാകുന്നത് കണ്ടപ്പോൾ സ്വാഭാവികമായും ഒരു ബുദ്ധിമുട്ട് തോന്നി. സ്ത്രീകളായിട്ട് മറ്റാരെങ്കിലും കൂടെ ആ സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി. അവിടെ ഓഡിയൻസ് ആയിട്ട് ബീന ആന്റണി,മാനസ ഉൾപ്പെടെപലരെയും കാണിക്കുന്നുണ്ട്. പക്ഷേ മുൻപത്തെ പ്രോഗ്രാമിൽ നിന്ന് കാണിക്കുന്നതാണെന്ന് മനസ്സിലാകും. അവിടെ അവർ ഉണ്ടായിരുന്നെങ്കിൽ എന്തായാലും സ്റ്റേജിലേക്ക് വന്നേനെ, മാത്രമല്ല ആ ഓഡിയൻസിന്റെ കൂട്ടത്തിൽ ഗിന്നസ് പക്രു ഉണ്ട്. ഈ കോപ്രായത്തിൽ അവര് ഗിന്നസ് പക്രുവിനെ ഉൾപ്പെടുത്താതിരിക്കുമോ.
ഒരുപക്ഷേ കാണുന്ന എന്റെ പ്രശ്നമായിരിക്കാം.അവരുടെ ജനപ്രീതി നേടിയ ഒരു പ്രോഗ്രാമിന്റെ ശൈലി തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. അത് ബോഡി ഷേമിങ്ങിനും ഡബിൾ മീനിങ്ങിനും ഒക്കെ പേരുകേട്ട പ്രോഗ്രാം ആണ്.അത് അവർക്ക് കുഴപ്പമില്ല പിന്നെ ബാക്കിയുള്ളവർക്ക് എന്താണ് കുഴപ്പം എന്നാണ് അതിന്റെ ആരാധകരും ചോദിക്കുന്നത്. ഇവിടെ ഒരുപക്ഷേ ഈ പ്രോഗ്രാമിൽ സണ്ണി ലിയോണിനോ പ്രഭുദേവയ്ക്കോ പ്രിയ താരങ്ങളുടെ പെരുമാറ്റത്തിൽ യാതൊരു പ്രശ്നവും തോന്നിയിട്ടുണ്ടാവില്ല. എന്നാൽ തീർച്ചയായും ആ പ്രോഗ്രാമിന്റെ നിലവാരത്തെക്കുറിച്ച് അവർക്ക് ഒരു ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവു.അതുറപ്പാണ്. പ്രഭുദേവയെക്കുറിച്ച് ഞാൻ അധികം പറഞ്ഞിട്ടില്ലെങ്കിൽ, അതിന് കാരണം ആ പ്രോഗ്രാമിലും പ്രഭുദേവയ്ക്ക് അത്ര പ്രാധാന്യമേ കൊടുത്തിട്ടുള്ളൂ. കുട്ടിക്കാലത്ത് ‘മുക്കാല മുക്കാബല’ ഒക്കെ ദൂരദർശനിൽ കണ്ടിട്ടുള്ളവർക്ക് അദ്ദേഹത്തെ പോലൊരാളെ ഇങ്ങനെ സ്വീകരിക്കാൻ കഴിയില്ല. . പിന്നെ അതിഥി ആയിട്ട് വിളിക്കുമ്പോൾ ഇങ്ങനെയൊക്കെയാണോ വേണ്ടത് എന്നൊരു ചിന്ത കാണുന്നവരുടെ ഉള്ളിൽ തോന്നുന്നതാണ്. സിനിമയിൽ ഉള്ളവർ തന്നെ ഒരു നടിയോട് പെരുമാറുന്നത് അങ്ങനെയാണെങ്കിൽ അതല്പം ഗൗരവമായ കാര്യമാണ്. അതിഥി ദേവോ ഭവ എന്നൊന്നും കരുതിയില്ലെങ്കിലും. അല്പം കൂടി മാന്യത ആവാമായിരുന്നു. ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കുന്ന പരിപാടി ചെയ്യാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്
Discussion about this post