പാട്ന : ബീഹാർ മുൻ ഉപമുഖ്യമന്ത്രി ആയിരുന്ന തേജസ്വി യാദവിനെതിരെ ഗുരുതര ആരോപണങ്ങൾ. ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു പോകവേ തേജസ്വി യാദവ് മന്ത്രി മന്ദിരത്തിലെ എസിയും സോഫകളും ഫർണിച്ചറുകളും എടുത്തുകൊണ്ടുപോയി എന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. ബീഹാറിലെ ബിജെപിയുടെ മീഡിയ ഇൻ ചാർജ് ഡാനിഷ് ഇഖ്ബാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ ബംഗ്ലാവ് ഒഴിയുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന എസികൾ, ലൈറ്റുകൾ, ഫർണിച്ചറുകൾ, ബാഡ്മിന്റൺ കോർട്ടിലെ മാറ്റ് എന്നിവ തേജസ്വി യാദവ് കൂടെ കൊണ്ടുപോയതായാണ് പരാതി ഉയരുന്നത്. സർക്കാരിന്റെ സ്വത്ത് എങ്ങനെ കൊള്ളയടിക്കാം എന്ന് മാത്രമാണ് എപ്പോഴും തേജസ്വി യാദവിന്റെ ചിന്ത എന്നും ഡാനിഷ് ഇഖ്ബാൽ കുറ്റപ്പെടുത്തി.
നിലവിലെ ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഈ സർക്കാർ ബംഗ്ലാവിലേക്ക് താമസം മാറാനായി തീരുമാനിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് മന്ത്രി മന്ദിരത്തിലെ നിരവധി വസ്തുവകകൾ കാണാതായതായി സ്ഥിരീകരിക്കുന്നത്. ഇവിടുത്തെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡ്രൈവും നഷ്ടപ്പെട്ടതായി സർക്കാർ വ്യക്തമാക്കി. പൊതുസ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഇത്തരം അപകീർത്തികരമായ പ്രവൃത്തികൾ നടത്തുന്നത് നാണക്കേടാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അറിയിച്ചു.
Discussion about this post