ന്യൂഡൽഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ സന്ദർശിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു. നാല് ദിവസത്തെ ഉഭയകക്ഷി സന്ദർശനത്തിനായി ഇന്ത്യയിലേക്ക് എത്തിയപ്പോഴായിരുന്നു മുയിസു താജ്മഹൽ സന്ദർശിച്ചത്. ഭാര്യ സാജിത മുയിസുവിനോടൊപ്പമാണ് മുയിസു താജ്മഹൽ കാണാനെത്തിയത്.
വാക്കുകൾ കൊണ്ടുള്ള വർണനയ്ക്കതീതം എന്നാണ് താജ്മഹലിനെ സന്ദർശിച്ച ശേഷം മുയിസു പ്രതികരിച്ചത്. സ്‌നേഹത്തിന്റെയും വാസ്തുവിദ്യാ മികവിന്റെയും തെളിവാണ് താജ്മഹലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘താജ്മഹലിന്റെ ഈ സൗന്ദര്യത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. സ്‌നേഹത്തിന്റെയും വാസ്തുവിദ്യാ മികവിന്റെയും തെളിവാണ് താജ്മഹൽ’- അദ്ദേഹം സന്ദർശകരുടെ പുസ്തകത്തിൽ കുറിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി കാബിനറ്റ് മന്ത്രി യോഗേന്ദ്ര ഉപാദ്യായ വിമാനത്താവളത്തിൽ വച്ച് മുയിസുവിനെയും ഭാര്യയെയും ഉത്തർപ്രദേശിലേക്ക് ക്ഷണിച്ചു. താജ്മഹലിന്റെ രൂപവും താജ്മഹലിന്റെ പശ്ചാത്തലത്തിൽ എടുത്ത മുയിസു സാജിത ദമ്പതികളുടെ ചിത്രവും യോഗേന്ദ്ര യാദവ് അവർക്ക് സമ്മാനിച്ചു.
മുയിസുവിന്റെ സന്ദർശനത്തെ തുടർന്ന് രാവിലെ 8 മുതൽ 10 വരെ താജ്മഹലിലേക്ക് പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടായിരുന്നില്ല. കരകൗശല ഗ്രാമമായ ശിൽപ്ഗ്രാമും അദ്ദേഹം സന്ദൾശിച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു ഉപയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. കറൻസി സ്വാപ്പ് കരാർ, മാലിദ്വീപിലെ റുപേ കാർഡ് ലോഞ്ച്, ഹനിമധു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ റൺവേ ഉദ്ഘാടനം എന്നിയുൾപ്പെടെ നിരവധി രേഖകളിൽ ഇരുപക്ഷവും ഒപ്പ്‌വച്ചു.
Discussion about this post