ന്യൂഡൽഹി : ഹരിയാനയിൽ ബിജെപി നേടിയ വമ്പൻ വിജയം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെ വിജയം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ തിരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ച് ദേശീയ തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ ആയിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയാനയിലെ ബിജെപിയുടെ വിജയം രാജ്യത്തുടനീളം പ്രതിധ്വനിക്കും എന്നും മോദി വ്യക്തമാക്കി.
” ഇന്ന് നവരാത്രിയുടെ ആറാം ദിനമാണ്. മാതാ കാർത്യായനി ദേവിയുടെ ദിവസമാണിത്. കാർത്യായനിദേവി സിംഹത്തിന് മുകളിൽ കയ്യിൽ താമരയുമായി ഇരിക്കുന്ന രൂപത്തോടെയാണുള്ളത്. ദേവിയുടെ അനുഗ്രഹത്താൽ ഇന്ന് രാജ്യത്തിന് ഒരു പുണ്യ ദിനം ആയിരിക്കുന്നു. ഹരിയാനയിൽ മൂന്നാം തവണയും താമര വിരിഞ്ഞു. ബിജെപിക്ക് ഒരു താമരപ്പൂക്കാലമാണ് ഹരിയാനയിലെ ജനങ്ങൾ നൽകിയത്. 13 തിരഞ്ഞെടുപ്പുകൾ നടന്ന ഹരിയാനയിൽ 10 എണ്ണത്തിലും സർക്കാരുകൾ മാറി മാറിവരുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നാമതും ഹരിയാന ബിജെപിയെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഈ വിജയം ചരിത്രപരമാണ്” എന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. ജാതിയുടെ പേരിൽ ദരിദ്രരെ തമ്മിലടിപ്പിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മോദി വ്യക്തമാക്കി. “കോൺഗ്രസ് ഒരു ഇത്തിൾകണ്ണി പാർട്ടിയായി മാറിക്കഴിഞ്ഞു. അധികാരമില്ലാത്തപ്പോൾ വെള്ളത്തിൽ നിന്ന് പുറത്തെടുത്തിട്ട മത്സ്യത്തിന്റെ അവസ്ഥയാണ് കോൺഗ്രസിനുള്ളത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് നോ എൻട്രി ബോർഡ് ആണുള്ളത്. നൂറുവർഷം അധികാരം കിട്ടിയാലും കോൺഗ്രസ് ഒരിക്കലും ദളിതരെയോ വനവാസിയെയോ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരെയോ പ്രധാനമന്ത്രിയാക്കില്ല. വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തെ ദുർബലപ്പെടുത്തുവാനായി കർഷകരെ പോലും തെറ്റിദ്ധരിപ്പിക്കാൻ ഉള്ള കോൺഗ്രസിന്റെ ശ്രമമാണ് ഹരിയാനയിലെ കർഷകർ തള്ളിക്കളഞ്ഞത്” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post