ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാൻ വീരമൃത്യുവരിച്ചു. അനന്തനാഗിലെ പത്രിബാൽ വനമേഖലയിൽ നിന്നാണ് സൈനികന്റെ ഭൗതികദേഹം കണ്ടെടുത്തത്. ഇദ്ദേഹത്തിനൊപ്പം ഭീകരർ തട്ടിക്കൊണ്ട് പോയ സൈനികനെ സാരമായ പരിക്കുകളോടെ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയോടെയാണ് സൈനികരെ ഭീകരർ തട്ടിക്കൊണ്ട് പോയത്. ടെറിട്ടോറിയൽ ആർമിയിലെ 161ാം യൂണിറ്റിലെ സേനാംഗങ്ങളാണ് ഇരുവരും. സംഭവം അറിഞ്ഞതിന് പിന്നാലെ ഇവർക്കായി സൈന്യവും പോലീസും അന്വേഷണം ആരംഭിച്ചു. ഇതിനിടെ വനമേഖലയിൽ നിന്നും പരിക്കേറ്റ നിലയിൽ സൈനികനെ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷവും നടത്തിയ പരിശോധനയിൽ രണ്ടാമത്തെ സൈനികന്റെ ഭൗതിക ദേഹം കണ്ടെത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ നിലയിൽ വെടിയേറ്റതിന്റെയും കത്തികൊണ്ട് മുറിവേറ്റ പാടുകളും ഉണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് കൂടുതൽ തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ പക്കൽ നിന്നും ഇരുസൈനികരും രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം ഇവർക്കൊപ്പം മറ്റൊരു സൈനികൻ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.
Discussion about this post